വാഷിംഗ്ടണ്‍-അല്‍ ഖാഇദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയെ കൊലപ്പെടുത്തിയ പശ്ചാത്തലത്തില്‍ അല്‍ ഖാഇദയെ പിന്തുണക്കുന്നവര്‍ ആക്രമണം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും യു.എസ് വിദേശകാര്യ വകുപ്പ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
സവാഹിരിയുടെ വധത്തില്‍ പ്രതിഷേധിച്ച് അല്‍ഖാഇദക്കാര്‍ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കും യു.എസ് പൗരന്മാര്‍ക്കുമെതിരെ ആക്രമണം ശക്തമാക്കുമെന്നാണ് മുന്നറിയിപ്പ്.
ജൂലൈ 31 നാണ് സവാഹിരിയെ കൊലപ്പെടുത്തിയത്. യു.എസ് വിരുദ്ധ ആക്രമണങ്ങള്‍ക്കുള്ള സാധ്യത ഇതോടെ വര്‍ധിച്ചിരിക്കയാണെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കുനേരെ ആക്രമണം നടത്താന്‍ ഭീകരഗ്രൂപ്പുകള്‍ ആസൂത്രണം നടത്തിവരികയാണെന്നാണ് ലഭ്യമായ വിവരമെന്ന് പത്രക്കുറിപ്പില്‍ പറഞ്ഞു. ചാവേര്‍ ആക്രമണം, തട്ടിക്കൊണ്ടുപോകല്‍, ബോംബാക്രണം തുടങ്ങി പല മാര്‍ഗങ്ങളിലൂടെ ആയിരിക്കും തിരിച്ചടിയെന്നും അമേരിക്ക കരുതുന്നു.