നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള മലിന്‍ഡോ എയര്‍ സര്‍വീസ് ആരംഭിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനി മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് സര്‍വീസുകള്‍ ഉദ്ഘാടനം ചെയ്തു. ഓസ്‌ട്രേലിയയിലേക്ക് അതിവേഗ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന മലിന്‍ഡോ, കൊച്ചി-ക്വാലാലംപൂര്‍ സെക്ടറില്‍ ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ് നടത്തും. ഓസ്‌ട്രേലിയയിലെ പെര്‍ത്തിലേക്ക് മലിന്‍ഡോയുടെ കണക്റ്റിംഗ് ഫ്‌ളൈറ്റ് ഒന്നര മണിക്കൂര്‍ കൊണ്ട് ലഭ്യമാകുന്ന തരത്തിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ കൊച്ചി കോലാലംപൂര്‍ സെക്ടറില്‍ പ്രതിദിന സര്‍വീസ് ആരംഭിക്കാനും എയര്‍ലൈന്‍ പദ്ധതിയിടുന്നുണ്ട്. നിലവില്‍ എയര്‍ ഏഷ്യ വിമാനം കൊച്ചി-കോലാലംപൂര്‍ സെക്ടറില്‍ ദിവസവും സര്‍വീസ് നടത്തുന്നുണ്ട്. സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം ഷബീര്‍, ഓപ്പറേഷന്‍സ് ഹെഡ് ദിനേശ് കുമാര്‍, ഇമിഗ്രേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ചന്ദ്രന്‍ കെ.എ, സെലെബി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ തൗസീഫ് ഖാന്‍, മലിന്‍ഡോ എയര്‍ എയര്‍പോര്‍ട്ട് മാനേജര്‍ സത്യനാരായണ, ചെയര്‍മാന്‍ ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.