ന്യൂദല്‍ഹി- ഓള്‍ ഇന്ത്യ ഫെയര്‍ പ്രൈസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷന്‍ കേന്ദ്ര സര്‍ക്കാരിനെതിരേ സംഘടിപ്പിച്ച ധര്‍ണയുടെ മുന്‍നിരയില്‍ ഇരുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സഹോദരന്‍ പ്രഹഌദ് മോദി. ഫെഡറേഷന്റെ വൈസ് പ്രസിഡന്റാണ് പ്രഹ്ലാദ് മോഡി. റേഷന്‍ കട ഉടമകളുടെ നിലനില്‍പ്പ് തന്നെ ഇപ്പോള്‍ ഭീഷണി നേരിടുകയാണ്. ദീര്‍ഘകാല ആവശ്യങ്ങളാണ് തങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സംഘടനയുടെ പ്രതിനിധി സംഘം പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ജീവിത ചെലവും കട നടത്തിപ്പ് ചെലവും വര്‍ധിക്കുന്ന നിലവിലെ സാഹചര്യത്തില്‍, അടിസ്ഥാന വിലയില്‍ കിലോക്ക് വെറും 20 പൈസ കൂട്ടുന്നത് ക്രൂരമായ തമാശയാണ്. തങ്ങളുടെ സാമ്പത്തിക ദുരിതങ്ങള്‍ അവസാനിപ്പിക്കാനുള്ള ആശ്വാസകരമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഭക്ഷ്യ എണ്ണ, പയറുവര്‍ഗങ്ങള്‍, എല്‍.പി.ജി ഗ്യാസ് സിലിണ്ടറുകള്‍ എന്നിവ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യണമെന്നും സംഘടന ആവശ്യപ്പെടുന്നു. പശ്ചിമ ബംഗാള്‍ മോഡല്‍ സൗജന്യ റേഷന്‍ വിതരണ സമ്പ്രദായം രാജ്യം മുഴുവന്‍ നടപ്പാക്കണമെന്നും സംഘടന മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങളിലുണ്ട്. അരിയുടെയും ഗോതമ്പിന്റെയും നേരിട്ടുള്ള സംഭരണ ഏജന്റുമാരായി പ്രവര്‍ത്തിക്കാന്‍ ഗ്രാമീണ മേഖലയിലെ റേഷന്‍ കട ഡീലര്‍മാരെ അനുവദിക്കണമെന്നു സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറി ബിശ്വംഭര്‍ ബസു ആവശ്യപ്പെട്ടു. ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ നടപടി സ്വീകരിക്കും വരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.