ന്യൂദല്‍ഹി- മുസ്ലിംകളുടെ മനസ്സില്‍ ഭീതി വളര്‍ത്താനും നഗരത്തെ സ്തംഭിപ്പിക്കാനും നടത്തിയ വലിയ ഗൂഢാലോചനയുടെ ഫലമാണ് വടക്കു കിഴക്കന്‍ ദല്‍ഹിയിലുണ്ടായ കലാപമെന്ന് പ്രോസിക്യൂട്ടര്‍.
ബാബരി മസ്ജിദ്, മുത്തലാഖ്, സി.എ.എ-എന്‍.ആര്‍.സി, കശ്മീര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുസ്ലിംകളെ സംഘടിപ്പിക്കാനും അവരില്‍ ഭീതി വളര്‍ത്താനുമാണ് ശ്രമിച്ചതെന്ന് ദല്‍ഹി പോലീസിനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (എസ്.പി.പി) അമിത് പ്രസാദ് ബോധിപ്പിച്ചു.
ജസ്റ്റിസ് സിദ്ദാര്‍ഥ് മൃദുല്‍, രജനാഷ് ഭട്‌നാഗര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇന്നും പ്രോസിക്യൂഷന്‍ വാദങ്ങള്‍ കേള്‍ക്കും. കുറ്റപത്രത്തില്‍ ഓരോ പ്രതിക്കെതിരേയും നിരവധി ആരോപണങ്ങളാണ് ഉള്ളതെന്ന് ബെഞ്ച് നിരീക്ഷിച്ചു. പ്രതികളുടെ പങ്കാളിത്തമല്ല, കവിഞ്ഞ ആരോപണങ്ങളാണുള്ളതെന്ന് പ്രതികളിലൊരാളായ ഉമര്‍ ഖാലിദിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചു. സംഘര്‍ഷ സ്ഥലത്ത് ഉമര്‍ ഖാലിദ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ ഗുഢാലചോന നടത്താന്‍ പ്രതി സ്ഥലത്തുണ്ടായിരിക്കണമെന്നില്ലെന്ന് ജസ്റ്റിസ് സിദ്ദാര്‍ഥ് മൃദുല്‍ മറുപടി നല്‍കി.