ബെംഗളൂരു-കര്‍ണാടകയില്‍ ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ കുമാര്‍ നെട്ടാരെയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ഹലാല്‍ മാംസത്തിനെതിരായ കാമ്പയിനിലെ പങ്കാളിത്തമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. കേസന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുത്തതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
ഹലാല്‍ മാംസത്തിനെതിരായ പ്രചാരണത്തില്‍ പ്രവീണ്‍ സജീവമായി പങ്കെടുത്തിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറുക്കാത്ത കോഴികളെ വില്‍ക്കുന്നതിന് പ്രവീണ്‍ ചിക്കന്‍ കട ആരംഭിക്കുകയും ചെയ്തിരുന്നു.
മുസ്്‌ലിം വ്യാപാരികളില്‍നിന്ന് ഹിന്ദുക്കള്‍ ഹലാല്‍ മാംസം വാങ്ങരുതെന്ന് സോഷ്യല്‍ മീഡിയയിലും പ്രവീണ്‍ പ്രചാരണം നടത്തിയിരുന്നു. ബെല്ലാരെ പട്ടണത്തില്‍ ഇയാളുടെ ചിക്കന്‍ കട വലിയ പ്രചാരമാണ് നേടിയിരുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൊലയാളികള്‍ ഉടന്‍ തന്നെ പിടിയിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.