ന്യൂദല്‍ഹി- കതുവയില്‍ എട്ടു വയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊന്ന കേസിലെ വിചാരണ ചണ്ഡീഗഡ് കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ബാലികയുടെ അച്ഛന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജമ്മു കശ്മീരിന്റെ മറുപടി സുപ്രീം കോടതി തേടി. പെണ്‍കുട്ടിയുടെ കുടുംബത്തിനും അവരുടെ അഭിഭാഷകരായ ദീപിക രജാവത്, താലിബ് ഹുസൈന്‍ എന്നിവര്‍ക്കും മതിയായ സുരക്ഷ നല്‍കണമെന്നും സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. കേസില്‍ പിടിക്കപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പാര്‍പ്പിച്ചിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തിനും സുരക്ഷ നല്‍കാനും കോടതി പോലീസിനോട് ആവശ്യപ്പെട്ടു. ഹരജി വീണ്ടും പരിഗണിക്കുന്നതിനു ഏപ്രില്‍ 28-ലേക്കു മാറ്റി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ജമ്മുവിലെ സാഹചര്യങ്ങള്‍ സമാധാനപരമായ വിചാരണയ്ക്ക് അനുകൂലമല്ലെന്ന് ബാലികയുടെ കുടുംബത്തിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ പറഞ്ഞു. കുടുംബത്തിന് മതിയായ സുരക്ഷയില്ലെന്നും ജമ്മുവില്‍ തിരിച്ചടി ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ബാലികയുടെ അച്ഛന്‍ സുരക്ഷ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
ജമ്മുവില്‍ വിചാരണ നടന്നാല്‍ നീതി ലഭിക്കില്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയത്. കേസില്‍ ഇവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷക ദീപിക രജാവത് തനിക്ക് ഭീഷണി ലഭിച്ചതായും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താന്‍ കൊല്ലപ്പെടുകയും ബലാല്‍സംഗത്തിനിരയാക്കപ്പെടുകയോ ചെയ്‌തേക്കാമെന്ന് ദീപിക പറഞ്ഞിരുന്നു.
കേസില്‍ സംസ്ഥാന പോലീസ് നടത്തിയ അന്വേഷണത്തില്‍ സംതൃപ്തനാണ് പെണ്‍കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചു. സിബിഐ അന്വേഷിക്കണമെന്ന വിവിധ കോണുകളില്‍ നിന്നുയരുന്ന ആവശ്യവും അദ്ദേഹം തള്ളി.
കേസില്‍ വിചാരണ തുടങ്ങിയ ഇന്ന് ഏട്ടു പ്രതികളില്‍ ഏഴു പേരേയും കതുവ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ തങ്ങള്‍ കുറ്റക്കാരല്ലെന്നും നുണ പരിശോധനയ്ക്ക് തയാറാണെന്നും കോടതിയെ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഏഴു പ്രതികളേയും കനത്ത സുരക്ഷയില്‍ ജയിലിലേക്കു തന്നെ മാറ്റി. കുറ്റപത്രത്തിന്റ പകര്‍പ്പ് പ്രതികള്‍ക്കു നല്‍കാന്‍ ക്രൈം ബ്രാഞ്ചിനോട് കോടതി ആവശ്യപ്പെട്ടു. കേസ് വിചാരണ ഏപ്രില്‍ 28-നു തുടരും.