Sorry, you need to enable JavaScript to visit this website.

ആരും തട്ടിക്കൊണ്ടു പോയതല്ലെന്ന് ഇര്‍ഷാദ്, പേടിച്ച് മാറി നില്‍ക്കുന്നു

കോഴിക്കോട്- പന്തീരിക്കരയില്‍ സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയെന്ന് കരുതുന്ന യുവാവിന്റെ ശബ്ദസന്ദേശം പുറത്തുവെന്നു. തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നാണ് അപ്രത്യക്ഷനായ ഇര്‍ഷാദ് വിഡിയോ സന്ദേശത്തില്‍ പറയുന്നത്. ഷമീറാണ് എല്ലാത്തിനും പിന്നിലെന്നും ഷമീറിനെ പേടിച്ചാണ് മാറിനില്‍ക്കുന്നതെന്നും ഇര്‍ഷാദ് പറയുന്നു.
അതിനെടി, യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയെയാണ് അറസ്റ്റ് ചെയ്തത.്  പേരാമ്പ്ര എ. എസ് പി വിഷ്ണു പ്രദീപിനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല.
ദുബായില്‍ നിന്ന് കഴിഞ്ഞ മേയിലാണ് ഇര്‍ഷാദ് നാട്ടിലെത്തിയത്. തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടില്‍ വിളിച്ചത്. പിന്നീട് ഒരു വിവരവും ഇല്ലെന്ന് ബന്ധുക്കള്‍ പറയുന്നു. അതിനിടെ, വിദേശത്തുള്ള സഹോദരന്റെ ഫോണിലേക്ക് വാട്‌സ്ആപ് വഴി ഭീഷണി സന്ദേശം എത്തി. ഇര്‍ഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം അയച്ചുകൊടുത്തു. ദുബായില്‍ നിന്ന് വന്ന ഇര്‍ഷാദിന്റെ കയ്യില്‍ കൊടുത്തു വിട്ട സ്വര്‍ണം കൈമാറിയില്ലെന്ന് പറഞ്ഞാണ് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നുതെന്നും ബന്ധുക്കള്‍ പറയുന്നു.
താമരശേരി കൈതപ്പൊയിലുള്ള സംഘമാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിനു ലഭിച്ച സൂചന. ഭര്‍ത്താവിനെ ദുബായില്‍ ചിലര്‍ ബന്ദിയാക്കിയെന്നും ഇര്‍ഷാദ് സ്വര്‍ണം നല്‍കിയാല്‍ മാത്രമേ ഭര്‍ത്താവിനെ വിട്ടു നല്‍കുകയുള്ളൂ എന്ന് വെളിപ്പെടുത്തിയ യുവതിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇര്‍ഷാദിന്റെ മാതാവിനോട് യുവതി ഇക്കാര്യം വെളപ്പെടുത്തിയിരുന്നത്.
പത്തനംതിട്ട കോന്നി സ്വദേശിയായ യുവതിയെ  ചോദ്യം ചെയ്തതോടെയാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സ്വര്‍ണകടത്ത് സംഘത്തിലെ പ്രധാനിയായ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് സ്വാലിഹ് പല തവണ പീഡിപ്പിച്ചതായും യുവതിമൊഴി നല്‍കിയിട്ടുണ്ട്.
ഇവരുടെ ഭര്‍ത്താവാണ് ഇര്‍ഷാദിനെ സ്വാലിഹിന്റെ നേതൃത്വത്തിലുളള സ്വര്‍ണ കടത്ത് സംഘത്തിന് പരിചയപ്പെടുത്തിയത്. എന്നാല്‍ സംഘം നല്‍കിയ സ്വര്‍ണം ഇര്‍ഷാദ് കൈമാറിയില്ല. തുടര്‍ന്നാണ് യുവതിയെ ഉപയോഗിച്ച് സ്വര്‍ണം വീണ്ടെടുക്കാനുള്ള ശ്രമം.
സ്വര്‍ണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ യുവതി ഇര്‍ഷാദിന്റെ വീട്ടില്‍ എത്തിയിരുന്നു. യുവതിക്കും ഭര്‍ത്താവിനും സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധം വ്യക്തമായതിനെത്തുര്‍ന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സ്വാലിഹ്  വിദേശത്താണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാന പ്രതികളില്‍ പലരും വിദേശത്താണ്. എന്നാല്‍ ഇര്‍ഷാദ് എവിടെയെന്ന് കണ്ടെത്താന്‍ ഇതുവരെ പോലീസിനായിട്ടില്ല. വയനാട് മലപ്പുറം ജില്ലകളിലും അന്വേഷണം നടത്തുന്നു.

 

 

Latest News