തിരുവനന്തപുരം- സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയുടെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.
തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ ഇന്ന് മഴ കനക്കാനുള്ള സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇടിമിന്നലോടുകൂടി തുടര്‍ച്ചയായി മഴ പെയ്യുമെന്നതിനാല്‍ ചെറു മിന്നല്‍ പ്രളയമുണ്ടാകാമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.വയനാടും കാസര്‍കോടും മാത്രമാണ് ഇന്ന് അലര്‍ട്ടില്ലാത്തത്.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലുള്ളവരെ ഉടന്‍ ക്യാമ്പുകളിലേക്ക് മാറ്റണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മഴ കടുത്തതോടെ തിരുവനന്തപുരത്ത് നെയ്യാര്‍, കോട്ടൂര്‍, പേപ്പാറ, പൊന്മുടി, കല്ലാര്‍, മങ്കയം എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിരിക്കുകയാണ്.