അബുദാബി- അപ്രതീക്ഷിത മഴ ദുരന്തത്തില്‍ യു.എ.ഇയില്‍ മരിച്ച ഏഴു പേരില്‍ അഞ്ചു പേര് പാക്കിസ്ഥാന് സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞു. പാക്കിസ്ഥാന് വിദേശകാര്യ മന്ത്രാലയ വക്താവാണ് ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ പേരും മരിച്ചത് ഫുജൈറയിലാണ്.
മഴയില്‍ കനത്ത നാശനഷ്ടമുണ്ടാക്കിയ എമിറേറ്റുകളില്‍ ഒന്നാണ് ഫുജൈറ. റാസല്‍ഖൈമ, ഷാര്‍ജ എമിറേറ്റുകളിലും പേമാരി അതിശക്തമായിരുന്നു. 27 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും ശക്തമായ മഴ യു.എ.ഇയില്‍ പെയ്യുന്നത്. 900 പേരെ രക്ഷപ്പെടുത്തി. 3897 പേരെ ഫുജൈറയിലെയും ഷാര്‍ജയിലെയും ഷെല്‍റ്ററുകളിലേക്ക് മാറ്റിയിരുന്നു.
ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വീണും വാഹനാപകടങ്ങളിലും പരുക്കേറ്റവരേറെയാണ്. കൂടുതല്‍ പേര്‍ക്ക് അപകടം സംഭവിച്ചിട്ടുണ്ടോയെന്നു കണ്ടെത്താന്‍ പലയിടത്തും തിരച്ചില്‍ തുടരുന്നുണ്ട്. മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ ഫുജൈറ എമര്‍ജന്‍സി കമ്മിറ്റി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. പേമാരിയുടെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കും.
നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്ക് അവരുടെ നഷ്ടത്തെക്കുറിച്ച് അറിയിക്കാം. ഇതിനായി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്കും നല്‍കും.