ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ നൈറ്റ് ക്ലബും ബാറും ഉദ്ഘാടനം ചെയ്ത ബി.ജെ.പി എം.പി സാക്ഷി മഹാരാജ് വിവാദത്തില്‍. യു.പി തലസ്ഥാനമായ ലഖ്‌നൗവിലെ അലിഗഞ്ച് പ്രദേശത്താണ് ലെറ്റസ് മീറ്റ് എന്ന പേരിലുള്ള നൈറ്റ് ക്ലബ് സക്ഷി മഹാരാജ് ഉദ്ഘാടനം ചെയ്തത്.
നൈറ്റ് ക്ലബും ബാറുമാണെന്ന് അറിയാതെയാണ് ഉദ്ഘാടനത്തിനു പോയതെന്ന് തീപ്പൊരി പ്രസ്താവനകളിലൂടെ ഹിന്ദുത്വ വാദികളുടെ കയ്യടി നേടാറുളള സാക്ഷി മഹാരാജ് അവകാശപ്പെട്ടു.
തന്റെ മരുമകന്‍ ആരംഭിക്കുന്ന റെസ്റ്റോറന്റാണെന്നാണ് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് രജ്ജന്‍ കുമാര്‍ തന്നോട് പറഞ്ഞിരുന്നത്. യഥാര്‍ഥത്തില്‍ ബാറും നിശാക്ലബുമാണെന്ന് പിന്നീടാണ് തിരിച്ചറഞ്ഞത്-സാക്ഷി പറഞ്ഞു.
ഉന്നാവില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട കേസിലും അവളുടെ പിതാവ് മരിച്ച സംഭവത്തിലും ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാര്‍ റിമാന്‍ഡിലായ വിവാദം അവസാനിക്കുന്നതിനുമുമ്പാണ് ബി.ജെ.പിയില്‍ പുതിയ വിവാദം.
കഴിഞ്ഞ വര്‍ഷം തലസ്ഥാനത്ത് ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി സ്വാതി സിംഗ് പാര്‍ട്ടിയെ വിവാദത്തിലെത്തിച്ചിരുന്നു.