ന്യൂദല്‍ഹി- കതുവയില്‍ ബാലിക ക്രൂരമായി ബലാല്‍സംഗത്തിനിരായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താലാണെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചരാണം തെറ്റാണ്. ഒരു സംഘടനയും ഔദ്യോഗികമായി ഇന്ന് ഹര്‍ത്താല്‍ ആചരിക്കുമെന്ന് അറിയിച്ചിട്ടില്ല. പ്രധാനമായും വാട്‌സാപ് മുഖേനയാണ് ഈ വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഒരു സംഘടനയുടേയും പിന്തുണയില്ലാതെ നടക്കുന്ന ജനീക ഹര്‍ത്താലുമായി ജനം സഹരിക്കണമെന്നാണ് സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്.
അതേസമയം, കതുവ പീഡനക്കൊല, ഉന്നാവൊ കൂട്ടബലാല്‍സംഗം എന്നീ സംഭവങ്ങളില്‍ കടുത്ത പ്രതിഷേധം അറിയിച്ച് കഴിഞ്ഞ ദിവസം രാത്രി വിവിധ നഗരങ്ങളില്‍ വലിയ പ്രതിഷേധ പരിപാടികള്‍ നടന്നു. ദല്‍ഹി, മുംബൈ, ബെംഗളുരു, ഗോവ, തിരുവനന്തപുരം, സൂറത്ത്, അജ്‌മേര്‍, ചണ്ഡിഗഡ്, ഭോപ്പാല്‍ തുടങ്ങിയ നഗരങ്ങളില്‍ മെഴുകുതിരി കത്തിച്ചും പ്ലക്കാര്‍ഡുകളേന്തിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും പതിനായിരങ്ങള്‍ പ്രതിഷേധവുമായി ഒത്തു ചേര്‍ന്നു. കേരളത്തിലുടനീളം എല്ലായിടത്തും വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ അണിനിരന്ന ജനകീയ പ്രതിഷേധ പരിപാടികള്‍ അരങ്ങേറി.
മുംബൈയില്‍ ബോളിവൂഡ് താരം പ്രിയങ്ക ചോപ്രയും നിര്‍മ്മാതാവ് എക്താ കപൂറും പ്രതിഷേധ പരിപാടികളെ പിന്തുണച്ചു രംഗത്തെത്തി. കതുവയിലും ഉന്നാവോയിലും ഇരയാക്കപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പപേക്ഷിക്കണമെന്ന് മുന്‍ സിവില്‍ സര്‍വീസ് ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടു. 49 മുന്‍ ഓഫീസര്‍മാര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.