ചെന്നൈ- പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടികളുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ച 55കാരനായ കായിക അദ്ധ്യാപകന്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ സുഗുണപുരം ഈസ്റ്റ് സര്‍ക്കാര്‍ സ്‌കൂളിലെ അദ്ധ്യാപകനായ വാല്‍പാറ സ്വദേശി പ്രഭാകരനാണ് പിടിയിലായത്. അദ്ധ്യാപകന്‍ അപമര്യാദയായി പെരുമാറുന്നുവെന്ന് കുട്ടികള്‍ വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂള്‍ ഉപരോധിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുമ്പാണ് പ്രഭാകരന്‍ സ്‌കൂളില്‍ അദ്ധ്യാപകനായി ചുമതലയേറ്റത്. തൊട്ടടുത്ത ദിവസം മുതല്‍ പരിശീലനത്തിന്റെ മറവില്‍ ഇയാള്‍ പെണ്‍കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ തുടങ്ങി. അദ്ധ്യാപകന്റെ പെരുമാറ്റത്തില്‍ ദുരുദ്ദേശമുണ്ടെന്ന് മനസിലായ കുട്ടികള്‍ പ്രധാനാദ്ധ്യാപികയെ അറിയിച്ചെങ്കിലും നടപടിയെടുക്കുന്നതിന് പകരം ആശ്വസിപ്പിച്ച് അയക്കുകയാണ് അവര്‍ ചെയ്തത്. തുടര്‍ന്നാണ് കുട്ടികളുടെ മാതാപിതാക്കള്‍ സ്‌കൂള്‍ ഉപരോധിച്ചത്. കോയമ്പത്തൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും ഉപരോധം അവസാനിപ്പിച്ച് പിരിഞ്ഞുപോകാന്‍ രക്ഷിതാക്കള്‍ തയാറായില്ല. കായിക അദ്ധ്യാപകനെതിരെയും പ്രധാന അദ്ധ്യാപികയ്‌ക്കെതിരെയും നടപടിയെടുക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്നായിരുന്നു സമരക്കാരുടെ നിലപാട്. തുടര്‍ന്ന് ആര്‍ഡിഒ സ്ഥലത്തെത്തി. പ്രശ്‌നം കളക്ടറുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും നടപടിയുണ്ടാകുമെന്നും ഉറപ്പുനല്‍കി. പിന്നാലെ പ്രഭാകരനെ പോപാലീസ് കസ്റ്റഡിയിലെടുത്തു. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ഇയാളെ വിദ്യാഭ്യാസ വകുപ്പ് സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. ഇതോടെയാണ് മാതാപിതാക്കള്‍ ഉപരോധം അവസാനിപ്പിച്ചത്.