- ഉഭയകക്ഷി ബന്ധത്തിൽ വീണ്ടും വിള്ളൽ, തടഞ്ഞതെന്തിനെന്ന് വ്യക്തമല്ല
ന്യൂദൽഹി- സിക്ക് തീർഥാടകർക്ക് പാക്കിസ്ഥാനിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചക്ക് അവസരം നിഷേധിച്ച പാക് നടപടിയിൽ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. നയതന്ത്ര സൗഹൃദത്തിന്റെ മര്യാദകളെ ലംഘിക്കുന്നതാണ് പാക്കിസ്ഥാന്റെ പ്രവൃത്തിയെന്ന് വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയിൽനിന്നെത്തിയ തീർഥാടകരെ നയതന്ത്രജ്ഞരുമായി കൂടിക്കാണാൻ അനുവദിച്ചില്ലെന്ന് മാത്രമല്ല, സിക്കുകാരുടെ പുണ്യസ്ഥലമായ ഗുരുദ്വാര സന്ദർശിക്കുന്നതിൽനിന്ന് സംഘത്തെ പാക്കിസ്ഥാൻ തടയുകയും ചെയ്തു. രൂക്ഷ പ്രതികരണവുമായി ഇന്ത്യ രംഗത്തെത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വീണ്ടും വിള്ളൽ വീണു.
തീർഥാടക സംഘത്തെ തടയുകയും അവർക്ക് ഇന്ത്യൻ സ്ഥാനപതി കാര്യാലയവുമായി ബന്ധപ്പെടാനുള്ള അനുമതി നിഷേധിക്കുകയും ചെയ്ത പാക്കിസ്ഥാൻ, 1961 ലെ വിയന്ന കൺവെൻഷന്റെ നഗ്‌നമായ ലംഘനമാണ് നടത്തിയതെന്ന് ഇന്ത്യ ആരോപിച്ചു. തീർഥാടക കേന്ദ്രങ്ങൾ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട 1974 ലെ ഉഭയകക്ഷി കരാറും നയതന്ത്ര അച്ചടക്കവും പാക്കിസ്ഥാൻ ലംഘിച്ചതായും ഇന്ത്യ ആരോപിച്ചു.
തീർഥാടകർക്ക് പ്രത്യേകം സൗകര്യമൊരുക്കാനുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 12 നാണ് 1800 സിക്ക് തീർഥാടകർ പാക്കിസ്ഥാനിലെത്തിയത്. 10 ദിവസത്തെ സന്ദർശനത്തിനായി പാക്കിസ്ഥാനിലെത്തിയ ഇവർ, വിവിധ ഗുരുദ്വാരകളും പുണ്യസ്ഥലങ്ങളും സന്ദർശിക്കാനാണ് പദ്ധതിയിട്ടിരുന്നത്. 21 ന് മടങ്ങാനായിരുന്നു പദ്ധതി.
വാഗാ റെയിൽവേ സ്റ്റേഷനിലെത്തിയ തീർഥാടകരെ അവിടെ വെച്ച് സ്വാഗതം ചെയ്യാൻ പാക്കിസ്ഥാനിലെ ഇന്ത്യൻ നയതന്ത്ര സംഘം ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഗുരുദ്വാരയിൽ തീർഥാടക സംഘവുമായി കൂടിക്കാഴ്ച നടത്താനും അവർക്ക് സ്വാഗതമരുളുവാനുമായി പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയ ശ്രമിച്ചെങ്കിലും യാത്രാമധ്യേ പാക് ഭരണകൂടം ഇടപെട്ട് അദ്ദേഹത്തെ തിരിച്ചയച്ചെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയത്. ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിൽനിന്ന് തീർഥാടക സംഘത്തെയും വിലക്കി.
ഇവാക്വീ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡ് ചെയർമാന്റെ ക്ഷണമനുസരിച്ചാണ് ഇന്ത്യൻ സ്ഥാനപതി ഗുരുദ്വാരയിൽവെച്ച് തീർഥാടക സംഘത്തെ കാണാൻ തീരുമാനിച്ചതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ അവ്യക്തമായ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ സ്ഥാനപതിയോട് തിരിച്ചുപോകാൻ പാക്കിസ്ഥാൻ ആവശ്യപ്പെടുകയായിരുന്നു.
അടുത്തിടെ, പാക് നയതന്ത്രജ്ഞരെ ഇന്ത്യ അപമാനിച്ചുവെന്ന് ആരോപിച്ച് പാക്കിസ്ഥാൻ ഇന്ത്യയിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കവും നയതന്ത്ര അസ്വാരസ്യങ്ങളും പറഞ്ഞുതീർത്തതിനു പിന്നാലെയാണ് ഇന്ത്യൻ തീർഥാടക സംഘത്തെ തടഞ്ഞ് പ്രകോപനം സൃഷ്ടിച്ച പാക്കിസ്ഥാന്റെ നടപടി.