ന്യൂദൽഹി- ബംഗളൂരു സ്ഫോടന കേസിൽ അബ്ദുൾ നാസർ മദനി ഉൾപ്പടെയുള്ളവർക്കെതിരായ കേസിന്റെ അന്തിമ വിചാരണ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. പുതിയ തെളിവുകൾ പരിഗണിക്കാൻ വിചാരണ കോടതിയോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നാണ് സ്‌റ്റേ. ഫോൺ റെക്കോർഡിങ് ഉൾപ്പടെയുള്ള തെളിവുകൾ പരിഗണിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർണാടകം സുപ്രീംകോടതിയെ സമീപിച്ചത്. പുതിയ തെളിവുകൾ പരിഗണിക്കാൻ വിചാരണ കോടതിയോട് നിർദേശിക്കണമെന്ന കർണാടക സർക്കാറിന്റെ ആവശ്യം ആവശ്യം നേരത്തെ കർണാടക ഹൈക്കോടതി തള്ളിയിരുന്നു.
ഇതിനെതിരെയാണ് അപ്പീൽ നൽകിയത്. കർണാടക സർക്കാരിന്റെ ഹർജി പരിഗണിച്ച സുപ്രീംകോടതി അബ്ദുൾ നാസർ മദനി,തടിയന്റെവിട നസീർ ഉൾപ്പടെ കേസിലെ ഇരുപത്തിയൊന്ന് പ്രതികൾക്ക് നോട്ടീസ് അയച്ചു. ഉടൻ തന്നെ വിചാരണ കോടതിയിൽ ആരംഭിക്കാൻ ഇരിക്കുന്ന അന്തിമ വാദം കേൾക്കൽ സ്റ്റേ ചെയ്യണമെന്ന് കർണാടക സർക്കാരിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ നിഖിൽ ഗോയൽ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം ജസ്റ്റിസ് മാരായ ഹേമന്ത് ഗുപ്ത വിക്രം നാഥ് എന്നിവർ അടങ്ങിയ സുപ്രീംകോടതി ബെഞ്ച് അംഗീകരിക്കുകയായിരുന്നു. വിചാരണ പൂർത്തിയായ കേസിൽ പുതിയ തെളിവുകൾ ഇനി പരിഗണിക്കാൻ കഴിയില്ലെന്നാണ് അബ്ദുൾ നാസർ മദനി ഉൾപ്പടെയുള്ളവരുടെ വാദം.