മംഗളുരു- മംഗളുരുവില്‍ തുടര്‍ച്ചയായ കൊലപാതകങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ ദക്ഷിണ കന്നഡയില്‍ കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എഡിജിപി അടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മംഗളുരുവില്‍ എത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ട സൂറത്കല്‍ മംഗലപ്പെട്ട സ്വദേശി മുഹമ്മദ് ഫാസിലി(30)ന്റെ ഖബറടക്കം ഇന്ന് നടക്കും. ഫാസിലിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വാഹനങ്ങളിലടക്കം പരിശോധന ശക്തമാക്കി. കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിരീക്ഷണം ശക്തമാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മംഗളൂരുവില്‍ തുണിക്കട നടത്തുന്നയാളാണ് കൊല്ലപ്പെട്ട ഫാസില്‍. വ്യാഴാഴ്ച രാത്രി ഒന്‍പതോടെയാണ് മുഖം മൂടി ധരിച്ചെത്തിയ നാലംഗസംഘം കടയില്‍ കയറി ഫാസിലിനെ വെട്ടിക്കൊലപ്പെടുത്തിയത്. മങ്കി ക്യാംപ് ധരിച്ചെത്തിയവരാണ് അക്രമം നടത്തിയത്. ഫാസിലിനെ വെട്ടിവീഴ്ത്തിയ സംഘം കടയും ആക്രമിച്ചു. ഫാസിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൂള്ളിയ ബെള്ളാരയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടേറു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടയിലാണ് വീണ്ടും കൊലപാതകം ഉണ്ടായത്.