ദഹ്റാൻ- അറബ് ലീഗ് അംഗരാജ്യങ്ങൾ ദേശീയ സുരക്ഷയിൽ നേരിടുന്ന വെല്ലുവിളികൾ ഏറെ ഉത്കണ്ഠയോടെയാണ് ഇവിടെ ചേർന്ന അറബ് ഉച്ചകോടി വീക്ഷിച്ചതെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽ ഗെയ്ത്. അംഗരാജ്യങ്ങൾ നേരിടുന്ന ഓരോ പ്രശ്നവും അതീവ ഗൗരവത്തോടെയാണ് തങ്ങൾ പരിഗണിക്കുന്നത്. ഫലസ്തീൻ പ്രശ്നത്തിൽ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് പൂർണ പിന്തുണ നൽകും. സിറിയയിൽ ബശാർ അൽഅസദ് നടത്തിയ നരനായാട്ടിനെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. അറബ് മേഖലയിൽ ഇറാൻ നടത്തുന്ന ഇടപെടലുകൾ ഗുണം ചെയ്യില്ലെന്നും അറബ് ലീഗ് സെക്രട്ടറി ജനറൽ പ്രസ്താവിച്ചു.
യെമനിൽ ഹൂത്തി മിലീഷ്യകൾക്ക് ഇറാൻ നൽകുന്ന പിന്തുണ സൗദിയുടെ സുരക്ഷിതത്വത്തിന് ഭീഷണി ഉയർത്തുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം യെമൻ ഔദ്യോഗിക സർക്കാരിനെ സഹായിക്കുന്നതിന് സൗദി അറേബ്യ നടത്തുന്ന പുനർനിർമാണ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയും പ്രഖ്യാപിച്ചു.
ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ അപകടം ഭീകരവാദമാണെന്ന് ഉച്ചകോടിയിൽ പങ്കെടുത്ത ആഫ്രിക്കൻ യൂണിയൻ ചെയർമാൻ മൂസ അൽഫക്കി പറഞ്ഞു. വിശാല മനസ്കതയോടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് യൂണിയൻ പ്രവർത്തിക്കുന്നത്. എന്നാൽ ഫലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിൽ തങ്ങൾക്ക് തിരിച്ചടി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുപ്പതാമത് അറബ് ഉച്ചകോടിക്ക് തുനീഷ്യ ആതിഥേയത്വം വഹിക്കുമെന്ന് പ്രസിഡന്റ് ബെജി ഖായിദ് ഇസ്സിബ്സി പ്രഖ്യാപിച്ചു. അറബ് മേഖല നേരിടുന്ന വെല്ലുവിളികൾ ചെറുക്കുന്നതിന് ഉച്ചകോടി കൈക്കൊണ്ട തീരുമാനങ്ങൾക്കും ആതിഥേയത്വത്തിനും സൽമാൻ രാജാവിന് അദ്ദേഹം നന്ദി പറഞ്ഞു. കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽ അഹ്മദ് അൽജാബിർ അൽസ്വബാഹ്, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആലുഖലീഫ, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി) സെക്രട്ടറി ജനറൽ ഡോ. യൂസുഫ് ബിൻ അഹ്മദ് അൽഉഥൈമീൻ, യൂറോപ്യൻ യൂണിയൻ വൈസ് പ്രസിഡന്റ് ഫെഡറിക മൊഗേരിനി എന്നിവർ ഉച്ചകോടിയെ അഭിസംബോധന ചെയ്തു.