ന്യൂദൽഹി- തലസ്ഥാനത്ത് രോഹിംഗ്യൻ അഭയാർഥികൾ താമസിച്ചിരുന്ന ഏക ക്യാമ്പിൽ തീപ്പിടിത്തം. തെക്കുകിഴക്കൻ ദൽഹിയിലെ കാളിന്ദി കുഞ്ജിലുള്ള ക്യാമ്പിലാണ് ഞായറാഴ്ച പുലർച്ചെ വൻ തീപ്പിടിത്തമുണ്ടായത്. 46 കുടുംബങ്ങൾ താമസിച്ചിരുന്ന ക്യാമ്പിലെ താൽക്കാലിക ഷെഡുകൾ കത്തിനശിച്ചെങ്കിലും ആളപായമില്ല. അന്തേവാസികളെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്.
ഞായറാഴ്ച പുലർച്ചെ മൂന്നരക്ക് ആരംഭിച്ച തീപ്പിടിത്തിൽ 15 മിനിറ്റ് കൊണ്ട് ക്യാമ്പ് മുഴുവൻ ചാരമായി. വസ്ത്രങ്ങളും, അഭയാർഥികളെ സംബന്ധിച്ച രേഖകളുമെല്ലാം കത്തി ചാമ്പലായെന്ന് ഒരു അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് മണിക്കൂർ കൊണ്ടാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കാനായത്.
തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിനുപിന്നിൽ അട്ടിമറി സംശയിക്കുന്നുണ്ട്. ക്യാമ്പിന്റെ വലത്തേ അറ്റത്തുനിന്നാണ് തീ പടർന്നു തുടങ്ങിയത്. 2012 മുതൽ ഇവിടെ പ്രവർത്തിക്കുന്ന ക്യാമ്പിൽ 46 കുടുംബങ്ങളിലായി 226 പേരാണുള്ളത്. 150 ചതുരശ്ര മീറ്റർ മാത്രമുള്ള സ്ഥലത്ത് ഒരു സന്നദ്ധ സംഘടനയാണ് ക്യാമ്പ് നടത്തുന്നത്.