ദമാസ്‌കസ്- സിറിയയിലെ രാസായുധ സംഭരണ കേന്ദ്രത്തിനുനേരെ അമേരിക്കയുടെ നേതൃത്വത്തിൽ കനത്ത വ്യോമാക്രമണം നടന്നതിന് പിന്നാലെ രാസായുധം കണ്ടെത്തുന്നതിനായി അന്താരാഷ്ട്ര പരിശോധന. ഹേഗ് ആസ്ഥാനമായുള്ള രാസായുധ നിരോധന സംഘടനയുടെ (ഒ.പി.സി.ഡബ്ല്യു) വിദഗ്ധരാണ് ഇതിനായി ദമാസ്‌കസിൽ എത്തിയിരിക്കുന്നത്.
മാരക വിഷവാതകങ്ങളായ ക്ലോറിനും, സാറിനും ശേഖരിച്ചിരുന്നതായി സംശയിക്കുന്ന കേന്ദ്രങ്ങളിലായിരുന്നു കഴിഞ്ഞ ദിവസം യു.എസ്, ബ്രിട്ടീഷ്, ഫ്രഞ്ച് പോർവിമാനങ്ങളും മിസൈലുകളും ശക്തമായ ആക്രമണം നടത്തിയത്. ആക്രമണത്തിൽ രാസായുധ കേന്ദ്രങ്ങൾ തകർത്തുവെന്ന് അമേരിക്കയും മറ്റും അവകാശപ്പെടുന്നുണ്ടെങ്കിലും, ആക്രമണം നടക്കുമ്പോൾ ഈ കേന്ദ്രങ്ങൾ കാലിയായിരുന്നുവെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ഏഴ് വർഷം നീണ്ട സിറിയൻ യുദ്ധത്തിനിടെ അമേരിക്കയും പാശ്ചാത്യ ശക്തികളും നടത്തിയ ഏറ്റവും വലിയ സൈനിക ഇടപെടലായിരുന്നു ഇത്. ആക്രമണം കിറുകൃത്യമായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുമ്പോൾ അതിനെ പുഛിച്ചുതള്ളുകയാണ് സിറിയൻ ഭരണകൂടവും, പ്രതിപക്ഷവും. ഈ സാഹചര്യത്തിലാണ് ഒ.പി.സി.ഡബ്ല്യുവിലെ കെമിക്കൽ വിദഗ്ധ സംഘം സിറിയയിൽ പരിശോധനക്ക് എത്തിയിട്ടുള്ളത്.
ഈ മാസം ഏഴിന് സിറിയൻ സൈന്യം രാസായുധാക്രമണത്തിലൂടെ നിരവധി പേരെ വധിച്ച ദൗമയിലടക്കം അന്താരാഷ്ട്ര സംഘം പരിശോധന നടത്തുന്നുണ്ട്. സംഘത്തിന് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുമെന്നും, അവർ നിഷ്പക്ഷമായും, സമ്മർദങ്ങളില്ലാതെയും പ്രൊഫഷണലായും തങ്ങളുടെ ദൗത്യം നിർവഹിക്കുമെന്നാണ് വിശ്വാസമെന്നും സിറിയൻ വിദേശകാര്യ സഹമന്ത്രി അയ്മാൻ സൂസൻ പറഞ്ഞു. തങ്ങൾ ഒരിക്കലും രാസായുധം ഉപയോഗിച്ചിരുന്നില്ലെന്ന കാര്യം പരിശോധനയിൽ തെളിയുമെന്ന കാര്യത്തിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനുമുമ്പ് 2014ൽ ഒ.പി.സി.ഡബ്ല്യു സംഘം സിറിയയിൽ നടത്തിയ പരിശോധനയിൽ രാസായുധ ശേഖരം നിർമാർജനം ചെയ്തതായി കണ്ടെത്തിയിരുന്നു. എന്നാൽ ഈ കണ്ടെത്തിൽ തെറ്റെന്ന് തെളിയിച്ചുകൊണ്ട് 2017ൽ വടക്കൻ പട്ടണമായ ഖാൻ ഷെയ്ഖൂനിൽ സാറിൻ ആക്രമണം നടന്നതായി സ്ഥിരീകരിക്കപ്പെട്ടു. ഈ സാഹര്യത്തിൽ കുറ്റമെറ്റ രീതിയിലുള്ള അന്വേഷണം നടത്തുക എന്ന ശ്രമകരമായ ദൗത്യമാണ് സംഘത്തിനുള്ളത്. തെളിവുകളെല്ലാം നീക്കം ചെയ്തുകഴിഞ്ഞ പ്രദേശത്താണ് അവർക്ക് പ്രധാനമായും പരിശോധന നടത്തേണ്ടത്. റഷ്യൻ മിലിറ്ററി പോലീസിന്റെയും സിറിയൻ സൈന്യത്തിന്റെയും നിയന്ത്രണത്തിലുള്ള സ്ഥലങ്ങളാണിതെല്ലാം. രാസായുധമുണ്ടെന്ന് അമേരിക്കയും പാശ്ചാത്യ ശക്തികളും എത്ര ആരോപണമുന്നയിച്ചാലും, അവ കണ്ടെത്തുക സംഘത്തിന് ദുഷ്‌കരമായിരിക്കും. പരിശോധന നടത്തുന്ന സ്ഥലങ്ങളിൽ കൃത്രിമങ്ങൾ നടത്തിയിട്ടുണ്ടോ എന്ന കാര്യമടക്കം പരിശോധിക്കുമെന്ന് സംഘാംഗ റാൾഫ് ട്രാപ്പ് പറഞ്ഞു.