ജയ്പൂര്‍- പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐ പ്രവര്‍ത്തകയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയ ഇന്ത്യന്‍ സൈനികന്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡ് സ്വദേശിയായ പ്രദീപ് കുമാര്‍ പ്രജാപതെന്ന് 24കാരനാണ് അറസ്റ്റിലായത്. നിര്‍ണായകമായ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതിനാണ് അറസ്റ്റ്. രാജസ്ഥാന്‍ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതീവരഹസ്യമായ ചില വിവരങ്ങള്‍ കൈമാറിയതായി ഇയാള്‍ കുറ്റസമ്മതം നടത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
യുവതിയുടെ വിവാഹവാഗ്ദാനം വിശ്വസിച്ച പ്രജാപത് നിര്‍ണായകമായ വിവരങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു. ബുധനാഴ്ച രാജസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്ത ഇയാളെ വെള്ളിയാഴ്ച ജയ്പ്പൂരിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച പ്രജാപതിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുറച്ച് നാളുകളായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അന്വേഷണത്തില്‍ പാക് യുവതിയുടെ ഹണിട്രാപ്പില്‍ ഇയാള്‍ കുടുങ്ങിയതായും അതീവ പ്രാധാന്യമുള്ള നിരവധി വിവരങ്ങള്‍ പങ്കുവയ്ക്കുന്നുണ്ടെന്നും വ്യക്തമാവുകയായിരുന്നു. ഉത്തരാഖണ്ഡിലെ റൂര്‍ക്കി സ്വദേശിയായ പ്രജാപത് മൂന്ന് വര്‍ഷം മുമ്പാണ് സൈന്യത്തില്‍ ചേര്‍ന്നത്. പരിശീലനത്തിന് ശേഷം പ്രധാനപ്പെട്ട ജോദ്പൂര്‍ റെജിമെന്റി്‌ലായിരുന്നു നിമയനം.
7 മാസം മുമ്പാണ് യുവതിയുമായി ഫോണ്‍ വഴി പ്രജാപത് അടുക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയും വീഡിയോ കോളുകളിലൂടെയും ഇരുവരും ദീര്‍ഘ നേരം സംസാരിച്ചിരുന്നു. മധ്യപ്രദേശ് സ്വദേശിയാണെന്നും ബെംഗളൂരുവിലെ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി നോക്കുകയാണെന്നുമാണ് യുവതി വിശ്വസിപ്പിച്ചിരുന്നത്. ഡല്‍ഹിയില്‍ വെച്ച് കണ്ടുമുട്ടാമെന്നും വിവാഹം കഴിക്കാമെന്നുമായിരുന്നു യുവതി പ്രജാപതിനെ വിശ്വസിപ്പിച്ചിരുന്നത്. പിന്നീട് രഹസ്യ രേഖകളു ചിത്രങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങി. പ്രജാപത് തന്റെ ഫോണില്‍ നിന്ന് അയച്ചുകൊടുത്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.