മംഗളുരു- കര്‍ണാടക സുള്ള്യയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തില്‍ അന്വേഷണം കേരളത്തിലേക്ക്. പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തും. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി മംഗലൂരു എസ്പി വ്യക്തമാക്കി. അന്വേഷണത്തില്‍ സഹകരണം ആവശ്യപ്പെട്ട് മംഗലൂരു എസ്പി, കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുമായി സംസാരിച്ചു. അന്വേഷണത്തിന് സഹായം ഉറപ്പാക്കണമെന്ന് കര്‍ണാടക ഡിജിപി കേരള ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളുടേത് എന്ന് സംശയിക്കുന്ന കേരള രജിസ്‌ട്രേഷന്‍ ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികള്‍ ബൈക്കില്‍ കാസര്‍കോട്ടേക്ക് കടന്നതായാണ് പോലീസിന്റെ നിഗമനം.
കേസുമായി ബന്ധപ്പെട്ട് സംശയമുള്ള 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ് കര്‍ണാടക മുഖ്യമന്ത്രിയെ അറിയിച്ചു. യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ദക്ഷിണ കന്നഡയില്‍ അതീവജാഗ്രത തുടരുകയാണ്. സുള്ള്യ, പുത്തൂര്‍, കഡബ താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുള്ള്യയില്‍ യുവമോര്‍ച്ച ഇന്നും ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച വൈകീട്ടാണ് ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകനായ പ്രവീണ്‍ ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെയില്‍ വെച്ച് കൊല്ലപ്പെടുന്നത്. കട അടച്ച് വീട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കിലെത്തിയ അക്രമി സംഘം പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.