ചണ്ഡിഗഢ്- റോഡരികിലെ മർദന കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ പഞ്ചാബ് സംസ്ഥാന മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവ്‌ജോത് സിംഗ് സിദ്ദുവിന് പിന്തുണയുമായി മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. മന്ത്രിയുടെ രാജി താൻ ആവശ്യപ്പെടുന്ന പ്രശ്‌നമില്ലെന്ന് അദ്ദേഹം പറഞ്ഞു.
2007ൽ നടന്ന കേസിൽ സിദ്ദുവിനെ കുറ്റക്കാരനാക്കിയ കീഴ്‌കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും, ഹൈക്കോടതി വിധിക്കെതിരെ സിദ്ദു നൽകിയ അപ്പീലിൽ സുപ്രീം കോടതി ഇതുവരെ വിധി പുറപ്പെടുവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിൽ സംസ്ഥാന സർക്കാർ പഴയ നിലപാട് കോടതിയിൽ ആവർത്തിച്ചു എന്നത് മന്ത്രി രാജിവെക്കാനുള്ള കാരണമാകുന്നില്ല. സിദ്ദുവിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നുള്ള മാധ്യമ വാർത്തകൾ അദ്ദേഹം നിഷേധിച്ചു.
2007ൽ റോഡരികിലെ തർക്കത്തിനൊടുവിൽ സിദ്ദുവും സുഹൃത്തും ചേർന്ന് മറ്റൊരു വാഹനത്തിലെ ഡ്രൈവറെ മർദിച്ച കേസിൽ വിചാരണ കോടതി സിദ്ദുവിനെ ശിക്ഷിക്കുകയും ഹൈക്കോടതി ശരിവെക്കുകയും ചെയ്തിരുന്നു. സിദ്ദു ജയിലിലടക്കപ്പെട്ടെങ്കിലും വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ പുറത്തിറങ്ങി. ഈ കേസിലാണ് സിദ്ദു കുറ്റക്കാരനാണെന്ന പ്രോസിക്യൂഷൻ വാദം കഴിഞ്ഞ ദിവസം വീണ്ടും സുപ്രീം കോടതിയിൽ ആവർത്തിച്ചത്.