തിരുവനന്തപുരം- രോഗികളെ ദുരിതത്തിലാക്കി ഒരു വിഭാഗം ഡോക്ടർമാർ നടത്തിവരുന്ന സമരം നാലാം ദിവസത്തേക്ക് കടന്നു. സമരം ശക്തമായി തുടരുമെന്ന് ഡോക്ടർമാരുടെ സംഘടനാ നേതൃത്വവും, ഇന്ന് മുതൽ അനധികൃതമായി ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കുന്ന ഡോക്ടർമാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതരും വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ സമരക്കാരും സർക്കാരും തുറന്ന പോരിലേക്ക് നീങ്ങുകയാണ്.
എന്നാൽ സമരം നടത്തുന്നവർക്കെതിരെ നടപടിയെടുത്താൽ സംസ്ഥാന സർവീസിലുള്ള സംഘടനാ അംഗങ്ങളായ മുഴുവൻ ഡോക്ടർമാരും രാജിക്കത്ത് സമർപ്പിക്കുമെന്ന് കെ.ജി.എം.ഒ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ സർക്കാരും ഡോക്ടർമാരും തമ്മിലുള്ള ഏറ്റുമുട്ടൽ മൂലം ആശുപത്രിയുടെ പ്രവർത്തനം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഒ.പി.ചികിത്സ ഡോക്ടർമാർ ബഹിഷ്‌കരിച്ചതിനെ തുടർന്ന് രോഗികൾ കടുത്ത ബുദ്ധിമുട്ടിലാണ്. സാധാരണക്കാരായ രോഗികളെയാണ് സമരം കൂടുതൽ വലയ്ക്കുന്നത്.
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാതെ സംസ്ഥാന സർക്കാർ ആർദ്രം പദ്ധതി തുടങ്ങുന്നതിനെതിരെയാണ് കെ.ജി.എം.ഒയുടെ നേതൃത്വത്തിൽ സമരം നടക്കുന്നത്. ഏതാണ്ട് നാലായിരത്തിലധികം വരുന്ന ഡോക്ടർമാരാണ് സമരം നടത്തുന്നത്.
ഡോടർമാർ സമരം പിൻവലിച്ചാലല്ലാതെ ചർച്ചയില്ലെന്ന സർക്കാർ നിലപാടിൽ അയവ് വന്നിട്ടുണ്ട്. സർക്കാർ ചർച്ചക്ക് തയാറായില്ലെങ്കിൽ 18 മുതൽ ആശുപത്രികൾ പൂർണമായും ബഹിഷ്‌കരിക്കുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമരക്കാർ ചർച്ചക്ക് സന്നദ്ധരാണെങ്കിൽ അവരുമായി സർക്കാർ ചർച്ച നടത്തുമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചർ വ്യക്തമാക്കിയത്. സമരം മയപ്പെടുത്താൻ അണിയറയിൽ നീക്കങ്ങൾ സജീവമാണ്. എന്നാൽ ആവശ്യങ്ങൾ നേടിയെടുക്കുന്നതു വരെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നാണ് കെ.ജി.എം.ഒ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്.
നാളെ തലസ്ഥാനത്ത് കെ.ജി.എം.ഒയുടെ സംസ്ഥാന സമിതിചേരുന്നുണ്ട്. ഈ യോഗത്തിലാവും സമരത്തിന്റെ ഭാവി സംബന്ധിച്ച് തീരുമാനമെടുക്കുക. ആർദ്രം പദ്ധതിക്ക് തങ്ങളെതിരല്ലെന്നും എന്നാൽ ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കാതെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നുമാണ് ഡോക്ടർമാരുടെ സംഘടന ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെയാണ് ഡോക്ടർമാർ ഒ.പി ബഹിഷ്‌കരണ സമരം ആരംഭിച്ചത്. വേനൽ മഴയെ തുടർന്ന് നാട്ടിൽ പല തരത്തിലുള്ള പനിയും മറ്റും വ്യാപകമായ സാഹചര്യത്തിൽ ഡോക്ടർമാർ നടത്തുന്ന സമരം മൂലം വലിയ തരത്തിലുള്ള ദുരിതമാണ് ജനങ്ങൾ അനുഭവിക്കുന്നത്. ഡോക്ടർമാർ സമരം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സി.പി.എംസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.