ഭോപാല്‍- മധ്യപ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ വിദ്യാര്‍ഥികളെ ക്രൂര റാഗിങ്ങിന് ഇരയാക്കിയ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. അസഭ്യവും അശ്ലീലവുമായ പ്രവൃത്തിയില്‍ ഏര്‍പ്പെടാന്‍ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധിച്ചുവെന്നാണ് പരാതി. പ്രതികളുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഇന്‍ഡോറിലെ എം.ജി.എം മെഡിക്കല്‍ കോളേജിലാണ് സംഭവം. തലയിണയ്‌ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി അഭിനയിച്ചു കാണിക്കാനും സഹപാഠികള്‍ക്കൊപ്പവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ തങ്ങളെ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് ജൂനിയര്‍ വിദ്യാര്‍ഥികള്‍ പോലീസിനോട് പറഞ്ഞു. സീനിയര്‍ വിദ്യാര്‍ഥികളുടെ ഫ്‌ലാറ്റുകളില്‍ വെച്ചായിരുന്നു സംഭവമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ക്രൂരമായ റാഗിങ് വിവരം ജൂനിയര്‍ വിദ്യാര്‍ഥികള്‍ തന്നെയാണ് യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷനേയും (യുജിസി) റാഗിങ് വിരുദ്ധ സെല്ലിനെയും വിളിച്ചറിയിച്ചത്.സംഭവത്തില്‍ യുജിസി ഇടപെടുകയും സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കോളേജ് നടപടി സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. കോളേജിലെ എല്ലാ എം.ബി.ബി.എസ്. വിദ്യാര്‍ഥികളുടേയും മൊഴി രേഖപ്പെടുത്തുമെന്ന് ഇന്‍ഡോര്‍ പോലീസ് പറഞ്ഞു.