ലണ്ടൻ - ഇംഗ്ലണ്ടില്‍ സ്വന്തമായി നിര്‍മ്മിച്ച വിമാനത്തില്‍ യാത്ര ചെയ്ത് മലയാളി യുവാവും കുടുംബവും. മുന്‍ എംഎല്‍എ പ്രഫ. എ വി താമരാക്ഷന്റെയും ഡോ. സുഹൃദലതയുടെയും മകന്‍ അശോക് താമരാക്ഷനാണ് സ്വന്തമായി വിമാനം നിര്‍മ്മിച്ചത്. യുകെയിലെ വിവിധ സ്ഥലങ്ങളിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ നാല് സീറ്റുള്ള വിമാനമാണ് മെക്കാനിക്കല്‍ എന്‍ജിനീയറായ അശോക് നിര്‍മ്മിച്ചത്.
ലണ്ടനില്‍ സ്ഥിരതാമസമാക്കിയ അശോക് പതിനെട്ട് മാസമെടുത്താണ് 'ജിദിയ' എന്ന പേരിട്ട വിമാനം നിര്‍മിച്ചത്. അശോകിന്റെ ഇളയ മകളുടെ പേരാണ് ദിയ. പാലക്കാട് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ബിടെക് പൂര്‍ത്തിയാക്കിയ അശോക് ബ്രിട്ടീഷ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്നും നേരത്തെ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി.
2021 നവംബര്‍ 21ന് പൂര്‍ത്തിയായെങ്കിലും ലൈസന്‍സ് ലഭിക്കാന്‍ മൂന്ന് മാസം വേണ്ടിവന്നു. പരീക്ഷ പറക്കല്‍ നടത്തി വിജയിച്ചതോടെ ലൈസന്‍സ് ലഭിച്ചു. കഴിഞ്ഞ ഫെബ്രുവരി എഴിന് ഇരുപത് മിനിറ്റ് നീണ്ട് നിന്ന പറക്കല്‍ ലണ്ടനില്‍ നടത്തി വിജയം കണ്ടു. പിന്നീട് കുടുംബത്തിനൊപ്പം ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലേക്ക് സ്വന്തം വിമാനത്തില്‍ പറന്നു.
ലോക്ക്ഡൗണ്‍ സമയത്താണ് സ്വന്തമായി വിമാനം നിര്‍മ്മിക്കുകയെന്ന ആശയമുണ്ടായതെന്ന് അശോക് പറഞ്ഞു. 2018ല്‍ പൈലറ്റ് ലൈസന്‍സ് നേടിയതിന് ശേഷം യാത്രകള്‍ക്കായി രണ്ട് സീറ്റുള്ള ചെറിയ വിമാനങ്ങള്‍ വാടകയ്‌ക്കെടുത്തിരുന്നു. എന്നാല്‍ ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്നതിനാല്‍ നാല് സീറ്റുള്ള വിമാനം ആവശ്യമായി വന്നു. നാല് സീറ്റുകളുള്ള വിമാനം ചുരുക്കമാണ്. പലതും ഏറെ പഴക്കം ചെന്നവയുമാണ്. തുടര്‍ന്നാണ് സ്വന്തമായി വിമാനം നിര്‍മ്മിക്കാമെന്ന ആശയത്തിലേക്ക് എത്തിയത്' എന്ന് ഫോര്‍ഡിലെ ജീവനക്കാരനായ ആശോക് പറഞ്ഞു.
സ്വന്തമായി വിമാനം നിര്‍മ്മിക്കാനുള്ള ആലോചന ശക്തമായതോടെ സ്വദേശത്ത് നിര്‍മ്മിച്ച വിമാനങ്ങളെക്കുറിച്ച് പഠിക്കാനും അറിയാനും ശ്രമം തുടര്‍ന്നു. ഇതിനിടെ ജൊഹാനസ്ബര്‍ഗ് ആസ്ഥാനമായുള്ള സ്ലിംഗ് എയര്‍ക്രാഫ്റ്റ് 2018 ല്‍ സ്ലിംഗ് ടിഎസ്‌ഐ എന്ന പുതിയ വിമാനം പുറത്തിറക്കിയതായി മനസിലാക്കി. വിമാനത്തെക്കുറിച്ച് കൂടുതലറിയാന്‍ കമ്പനി സന്ദര്‍ശിച്ചു. തുടര്‍ന്ന് കമ്പനിയില്‍ നിന്നും വിമാനം നിര്‍മ്മിക്കാന്‍ കഴിയുന്ന കിറ്റ് വാങ്ങി വീടിനോട് ചേര്‍ന്ന് വര്‍ക് ഷോപ്പ് നിര്‍മ്മിച്ച് നിര്‍മ്മാണം ആരംഭിച്ചു. യുകെയിലെ സിവില്‍ ഏവിയേഷന്‍ അധികൃതരുടെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം നടന്നതെന്ന് അശോക് പറഞ്ഞു.
വിമാനം നിര്‍മ്മിക്കാനുള്ള സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ യുകെയില്‍ സാധാരണമാണെന്ന് അശോക് പറഞ്ഞു. കിറ്റുകള്‍ ലഭിച്ചാലും അവ അസംബ്ലി ചെയ്യാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. ലോക്ക്ഡൗണ്‍ സമയമായതിനാല്‍ തനിക്ക് കൂടുതല്‍ സമയം ലഭിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ വിമാനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഏകദേശം 1.8 കോടി രൂപയാണ് വിമാനത്തിന്റെ ആകെ വില. ചെറുവിമാനത്തിന് പരമാവധി വേഗത മണിക്കൂറില്‍ 200 കിലോമീറ്ററാണ്. മണിക്കൂറില്‍ 20 ലിറ്റര്‍ ഇന്ധനം ആവശ്യമാണ്. 180 ലിറ്ററാണ് ഇന്ധനടാങ്കിന്റെ ശേഷിയെന്ന് അശോക് വ്യക്തമാക്കി. യൂറോപ്പിലോ യുഎസിലോ സ്വദേശത്ത് നിര്‍മ്മിച്ച വിമാനങ്ങളില്‍ യാത്ര ചെയ്യുന്നത് പ്രശ്‌നമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അശോകിന്റെ ഭാര്യ അഭിലാഷ ഇന്‍ഡോര്‍ സ്വദേശിയാണ്. ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥയാണ് ഇവര്‍. താര, ദിയ എന്നിവര്‍ മക്കളാണ്.