ന്യൂദല്‍ഹി- നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ഇന്ന് ഇഡി വീണ്ടും ചോദ്യം ചെയ്യും. ഏഴ് മണിക്കൂറോളം നേരമാണ് സോണിയ ഗാന്ധിയെ ഇന്നലെ ചോദ്യം ചെയ്തത്. രണ്ട് ദിവസങ്ങളിലായി 55 ചോദ്യങ്ങള്‍ സോണിയയോട് ചോദിച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയോടുന്നയിച്ച അതേ ചോദ്യങ്ങളാണ് സോണിയയോടും ചോദിച്ചത്.
മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് ഇന്ന് വീണ്ടും വിളിപ്പിക്കുന്നതെന്നാണ് സൂചന. സോണിയയെ ഇഡി ചോദ്യം ചെയ്യുമ്പോള്‍ എഐസിസി ആസ്ഥാനം കേന്ദ്രീകരിച്ച് പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. അന്വേഷണ ഏജന്‍സിയെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് പാര്‍ലമന്റില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കും. ചര്‍ച്ചക്ക് തയ്യാറായില്ലെങ്കില്‍ പാര്‍ലമെന്റിലും പ്രതിഷേധിക്കാനാണ് തീരുമാനം.ആദ്യ ദിവസത്തെ ചോദ്യം ചെയ്യല്‍ രണ്ടര മണിക്കൂറാണ് നീണ്ടതെങ്കില്‍ രണ്ടാം ദിവസം സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത് ആറ് മണിക്കൂര്‍. രാവിലെ പതിനൊന്ന് മണിയോടെയാണ് ഇഡി ആസ്ഥാനത്ത് സോണിയാ ഗാന്ധി എത്തിയത്.പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു.