തിരുവനന്തപുരം- നിത്യോപയോഗ സാധനങ്ങള്‍ക്ക് 5 ശതമാനം ജിഎസ്ടി വര്‍ധിപ്പിച്ച തീരുമാനം കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വരുംമുന്പേ കേരളം നികുതി നടപ്പാക്കിത്തുടങ്ങി. കേരളത്തില്‍ ജിഎസ്ടി വര്‍ധന നടപ്പാക്കില്ലെന്ന് ഇന്നലെയാണ് മുഖ്യമന്ത്രി അറിയിച്ചത്. ഈ മാസം 18നു തന്നെ ജിഎസ്ടി വര്‍ധന നടപ്പാക്കി കേരളം ഉത്തരവിറക്കിയിരുന്നു. ഉത്തരവിന്റെ പകര്‍പ്പ് 24നു ലഭിച്ചു.
ഈ മാസം 18നാണ് കേന്ദ്രം നിത്യോപയോഗ സാധനങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പെടുത്തിയത്. ഇതിനു തൊട്ടുപിന്നാലെ കേരളവും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞ ഒരാഴ്ചയായി ഈ ജിഎസ്ടി സംസ്ഥാനത്ത് ഈടാക്കുന്നുമുണ്ട്. ഇതാണ് കേരളത്തില്‍ നടപ്പാക്കില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്.
ജിഎസ്ടി വര്‍ധിപ്പിച്ച തീരുമാനം കേരളത്തില്‍ നടപ്പാക്കില്ലെന്ന് ഇന്നലെ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചത്. ജിഎസ്ടി കൗണ്‍സില്‍ യോഗങ്ങളിലും ജിഎസ്ടി നിരക്കുകള്‍ സംബന്ധിച്ച കമ്മിറ്റികളിലും കേരളം ഈ നിലപാട് ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചെറുകിട കച്ചവടക്കാരും കുടുംബശ്രീ അടക്കമുള്ള ചെറുകിട ഉല്‍പ്പാദകരും പായ്ക്ക് ചെയ്ത് വില്‍ക്കുന്ന അരിക്കും പയറുല്പന്നങ്ങള്ക്കുമടക്കം ജിഎസ്ടി വര്‍ധിപ്പിച്ച തീരുമാനം കേരളത്തില്‍ നടപ്പാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ പശ്ചാത്തല സൗകര്യവികസന, സാമൂഹ്യക്ഷേമ നടപടികളെ തകര്‍ക്കാനുള്ള ശ്രമമാണ് വായ്പാ പരിധി വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര നടപടികള്‍. അവശ്യസാധനങ്ങളുടെ വിലവര്‍ധനയ്ക്കു കാരണമാകുന്ന ജിഎസ്ടി നിരക്കുവര്‍ധന പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സാധാരണക്കാരെ ബാധിക്കുന്ന എല്ലാ നികുതിവര്‍ധനയ്ക്കും സംസ്ഥാനം എതിരാണ്. നിത്യോപയോഗ സാധനങ്ങളുടെ നികുതി വര്‍ധിപ്പിക്കരുതെന്നും ആഡംബര സാധനങ്ങളുടെ നികുതിയാണ് വര്‍ധിപ്പിക്കേണ്ടതെന്നുമാണ് ഇക്കാര്യത്തില്‍ കേരളത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.