ഇസ്തംബുള്‍- വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാമ്പിന്റെ തല കണ്ടെത്തിയതായി റിപ്പോര്‍ട്ട്. തുര്‍ക്കി ആസ്ഥാനമായുള്ള എയര്‍ലൈന്‍ കമ്പനിയുടെ വിമാനത്തില്‍ ജൂലൈ 21നാണ് സംഭവം. തുര്‍ക്കിയിലെ അങ്കാറയില്‍ നിന്നും ജര്‍മ്മനിയിലെ ഡദല്‍ഡോര്‍ഫിലേക്ക് പറന്ന സണ്‍ എക്‌സ്പ്രസ് വിമാനത്തില്‍ യാത്ര ചെയ്തയാള്‍ക്കാണ് പാമ്പിന്റെ തല ഭക്ഷണത്തില്‍ നിന്നും ലഭിച്ചതെന്ന് വണ്‍ മൈല്‍ അറ്റ് എ ടൈം എന്ന ഏവിയേഷന്‍ ബ്ലോഗിനെ ഉദ്ധരിച്ച് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.
ഭക്ഷണത്തിനൊപ്പം പാമ്പിന്റെ തല കണ്ടെത്തിയ സംഭവത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. അപ്രതീക്ഷിതമായ കാര്യമാണ് സംഭവിച്ചതെന്ന് വിമാനക്കമ്പനി അധികൃതര്‍ പറഞ്ഞു. ഭക്ഷണത്തില്‍ പാമ്പിന്റെ തല കണ്ടെത്തിയതില്‍ അന്വേഷണം ആരംഭിക്കുകയും വിമാനത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്ന വിതരണക്കാരുമായുള്ള കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു.
'ഏവിയേഷന്‍ രംഗത്ത് 30 വര്‍ഷത്തിലേറെ പ്രവര്‍ത്തി പരിചയമുള്ള കമ്പനി യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച അനുഭവം സൗകര്യങ്ങളുമാണ് നല്‍കുന്നത്. വിമാനത്തിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സുഖകരവും സുരക്ഷിതവുമായ യാത്രാ അനുഭവം നല്‍കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്' എന്ന് വിമാനക്കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി. വിമാനത്തിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ പുറത്തുവന്ന ആരോപണങ്ങള്‍ സ്വീകാര്യമല്ല. വിഷയത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു.
വിമാനത്തിലെ യാത്രക്കാര്‍ക്ക് വിതരണം ചെയ്ത ഭക്ഷണത്തില്‍ പാമ്പിന്റെ തല കണ്ടെത്തിയെന്ന വാര്‍ത്ത തള്ളി ഭക്ഷണം വിതരണം ചെയ്യുന്ന ഏജന്‍സിയായ സാന്‍കാക്ക് രംഗത്തുവന്നു. ഞങ്ങള്‍ പാചകത്തിനായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ അനാവശ്യമായി ഒന്നും ചേര്‍ത്തിട്ടില്ല. 280 ഡിഗ്രി സെല്‍ഷ്യസിലാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഭക്ഷണത്തില്‍ പാമ്പിന്റെ തല യാത്രക്കാരന്‍ ഇട്ടതാകാമെന്നും കമ്പനി ആരോപിച്ചു.