ഗോൾഡ് കോസ്റ്റ്- ട്രാക്കുകളെ തീപ്പിടിപ്പിച്ച ഉസൈൻ ബോൾട്ടിന്റെ സംഗീത ട്രാക്കിൽ മയങ്ങി കോമൺവെൽത്ത് ഗെയിംസിന് തിരി താണു. ഓസ്‌ട്രേലിയയിലെ ആദിമവാസികളുടെ സാംസ്‌കാരിക മഹിമ വിളിച്ചോതിയ സമാപനച്ചടങ്ങിൽ അപ്രതീക്ഷിതമായാണ് ബോൾട്ട് ഗായകനായി എത്തിയത്. ഓസ്‌ട്രേലിയ ഏറെ ആധികാരികമായി മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. സമാപനച്ചടങ്ങിൽ ബോക്‌സർ എം.സി മേരികോമാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്. 2022 ൽ ഇംഗ്ലണ്ടിലെ ബേമിംഗ്ഹാമിലാണ് അടുത്ത ഗെയിംസ്.
പാരാ സ്‌പോർട്‌സ് മറ്റ് മത്സരങ്ങൾക്കൊപ്പം നടത്തിയ ആദ്യ ഗെയിംസായിരുന്നു ഇത്. ഒരു താരം പോലും ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടില്ല.
അവസാന ദിനം മാരത്തണിൽ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന കാലം ഹോക്കിൻസ് വീണപ്പോൾ വൈദ്യസഹായം വൈകിയത് വൻ വിവാദമായി. ഫിനിഷിംഗ് പോയന്റിന് രണ്ട് കിലോമീറ്റർ അരികിലായിരുന്നു സ്‌കോട്‌ലന്റുകാരൻ ചലനമറ്റ് വീണത്. ഹോക്കിൻസിനെ മറികടന്ന് ഓസ്‌ട്രേലിയയുടെ മൈക്കിൾ ഷെല്ലി സ്വർണം നേടി. ഹോക്കിൻസിന് രണ്ട് മിനിറ്റോളം പിന്നിലായിരുന്നു ഷെല്ലി.