Sorry, you need to enable JavaScript to visit this website.

മുസ്‌ലിം ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച്  ആഭ്യന്തര വകുപ്പ് വേട്ടയാടുന്നു - പോപുലർ ഫ്രണ്ട്

കോഴിക്കോട്- മഹല്ല് ഗ്രൂപ്പിൽ അംഗമായതിന്റെ പേരിൽ മുസ്‌ലിംകളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത് പ്രതിഷേധാർഹമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ .അബ്ദുൽ സത്താർ പറഞ്ഞു. മുസ്‌ലിമായതിന്റെ പേരിൽ കടുത്ത വിവേചനമാണ് സർക്കാർ സർവീസുകളിൽ പലയിടങ്ങളിലും ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവരുന്നത്. അടുത്തിടെയായി പോലീസ് സേനയിൽ ഇത്തരം നീക്കങ്ങൾ വ്യാപകമാണ്. കേസ് അന്വേഷണങ്ങളിൽ നിന്നും ഒഴിവാക്കി നിർത്തുന്നതും ചുമതലകളിൽ നിന്നും മാറ്റിനിർത്തുന്നതും ഉൾപ്പെടെയുള്ള വേട്ടയാടലുകൾ വഴി ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. മുസ്‌ലിം ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്ന ഇത്തരം സമീപനം ആഭ്യന്തരവകുപ്പ് അവസാനിപ്പിക്കണം.
പോലീസ് സ്റ്റേഷനുകളിൽ പൂജ നടത്തുന്നതിനും മറ്റു മതാചാരപ്രകാരം ഡ്യൂട്ടി എടുക്കുന്നതിനും അനുമതി നൽകുന്ന ആഭ്യന്തരവകുപ്പ് മുസ്‌ലിം പോലീസുകാർ നാട്ടിലെ മഹല്ല് കൂട്ടായ്മകളിലും പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും അംഗമാവുന്നത് അപരാധമായി കാണുന്നതിന്റെ കാരണം ദുരൂഹമാണ്. 


ആലുവ പോലീസ് സ്റ്റേഷനിൽ  രക്ഷാബന്ധൻ ചടങ്ങ് നടത്തിയപ്പോൾ ആഭ്യന്തരവകുപ്പ് നിർബന്ധിത മൗനമാണ് തുടർന്നത്. ആർഎസ്എസ് ജില്ലാ സംഘചാലക് സുന്ദരം ഗോവിന്ദ് സ്റ്റേഷനിലെത്തിയാണ് ചടങ്ങ് നടത്തിയത്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള പ്രഗതി കോളജിൽ നിന്നും പോലിസ് സേനയിലെത്തിയ 54 പേർ വൽസൻ തില്ലങ്കരിക്കൊപ്പം ഫോട്ടോ എടുത്തപ്പോഴും ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നും ഒരുനടപടിയും ഉണ്ടായിട്ടില്ല. തത്വമസി എന്നപേരിൽ പോലീസ് സേനയിൽ ആർഎസ്എസ് അനുഭാവികളായ ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന് തെളിവുകൾ സഹിതം പുറത്തുവന്നിട്ടും നടപടിയുണ്ടായില്ല.
ഭരണമുന്നണിയിലെ പ്രബലകക്ഷികളായ സി.പി.എമ്മും സി.പി.ഐയും പോലീസിലെ ആർ.എസ്.എസ് സാന്നിധ്യം തുറന്നുകാട്ടിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ നേതാവ് ആനി രാജയുമെല്ലാം പോലീസിനെ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണെന്ന് തുറന്നുപറയുകയുണ്ടായി. പാർട്ടി സമ്മേളനങ്ങളും ഈ വിമർശനങ്ങൾക്ക് അടിവരയിട്ടു. കേരളാ പോലീസിൽ ആർഎസ്എസ് സ്വാധീനം ഏറിയതോടെയാണ് മുസ്‌ലിം വിരുദ്ധത പ്രകടമായത്. മുസ്ലിംകൾ പ്രതി ചേർക്കപ്പെടുന്ന കേസുകളിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമ്പോൾ ആർഎസ്എസ് പ്രതികളാവുന്ന കേസുകളിൽ മൃദുസമീപനമാണ് ആഭ്യന്തരവകുപ്പ് തുടരുന്നത്.  മുസ്‌ലിംകളായ ഉദ്യോഗസ്ഥരെ വേട്ടയാടുന്നതിലൂടെ ഇത് തുടരുകയാണ്. സേനയിലെ ആർഎസ്എസുകാരെ കണ്ടെത്തി നടപടി സ്വീകരിക്കാനും മതത്തിന്റെ പേരിൽ ഉദ്യോഗസ്ഥരെ വേർതിരിക്കുന്ന നീക്കത്തിൽ നിന്നും ആഭ്യന്തരവകുപ്പ് പിൻമാറണമെന്നും എ അബ്ദുൽ സത്താർ ആവശ്യപ്പെട്ടു.
 

Latest News