Sorry, you need to enable JavaScript to visit this website.

ശ്രീറാമിന്റെ നിയമനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി, ജലീൽ ചെയ്തത് തെറ്റ്

തിരുവനന്തപുരം- സർക്കാർ സർവീസിന്റെ ഭാഗമായി ഇരിക്കുന്ന ഒരാൾ ഓരോ ഘട്ടത്തിലും ചുമതല വഹിക്കേണ്ടതായി വരും. ബഷീറിന്റെ കാര്യത്തിൽ സർക്കാർ ഗൗരവത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഷീറിന്റെ കാര്യത്തിൽ ഇത്തരം ചോദ്യങ്ങൾ വരുമെന്ന് പ്രതീക്ഷിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമം നിരോധിക്കണം എന്നാവശ്യപ്പെട്ട് ജലീൽ കത്തയക്കാൻ പാടില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരം കത്ത് അയച്ചുവെന്ന കാര്യം മാധ്യമത്തിന്റെ പ്രതിനിധികൾ പരാതിയുമായി വന്നിരുന്നു. നിയമസഭ സമ്മേളനം കഴിഞ്ഞതിനാൽ ജലീലിനെ കണ്ടിട്ടില്ല. നേരിട്ട് സംസാരിച്ച ശേഷം ഇക്കാര്യത്തിൽ വ്യക്തത തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസിന് ആവശ്യമായ ഊന്നുവടികളൊന്നും എൽ.ഡി.എഫിൽ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 
സിൽവർ ലൈൻ കേരളത്തിന് പ്രധാനപ്പെട്ട പദ്ധതിയാണ്. അത് വേഗത്തിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. അനുമതി ലഭിക്കുന്നതിന് മുമ്പു തന്നെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു ചെയ്തത്. അനുമതിക്ക് മുമ്പു തന്നെ ചെയ്യാവുന്ന ജോലികൾ തീർക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ നിർഭാഗ്യകരമായ കാര്യങ്ങളാണ് നടക്കുന്നത്. കേന്ദ്ര അനുമതിയോടെ മാത്രമേ ഈ പദ്ധതി നടപ്പാക്കാനാകൂ. അനുമതി നൽകണം എന്നാണ് സർക്കാരിന്റെ നിലപാട്. സാമൂഹികാഘാത പഠനം നിലച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്നവർ കേന്ദ്രത്തിന്റെ നടപടി തിരുത്തിപ്പിക്കാൻ മുന്നിട്ടിറങ്ങണം. കെ-റെയിൽ നാടിന്റെ ഭാവിക്ക് പ്രധാനമാണ്. നാടിന് ആവശ്യമുള്ള പദ്ധതിയെ എതിർക്കുന്നതും തകർക്കാൻ ശ്രമിക്കുന്നത് ക്രൂരതയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
അടുത്ത ഓണത്തിനും കേരള സർക്കാർ സൗജന്യ ഭക്ഷ്യക്കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 425 കോടി രൂപയുടെ ചെലവാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ജനക്ഷേമത്തിന് സർക്കാർ മുന്നോട്ടിറങ്ങുമ്പോൾ ചിലർ തടസവുമായി വരുന്നുണ്ട്. സംസ്ഥാനത്തിന്റെ വായ്പാ പരിധിക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്താനാണ് കേന്ദ്ര നീക്കം. കോവിഡിന്റെ പ്രത്യാഘാതങ്ങളിൽനിന്നും നമ്മുടെ സംസ്ഥാനം മുക്തമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 
കേരളത്തിൽ വ്യവസായത്തിന് അനുകൂല സഹചര്യമാണ് നിലവിലുള്ളത്. 700 കോടി രൂപയുടെ നിക്ഷേപം നെസ്റ്റോ ഗ്രൂപ്പ് പ്രഖ്യാപിച്ചു. ടാറ്റ 75 കോടിയുടെത് പ്രഖ്യാപിച്ചു. ദുബായ് വേൾഡ് എക്‌സ്‌പോയിൽ പങ്കെടുത്തതിലൂടെയും കേരളത്തിൽ നിക്ഷേപം വന്നു. കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴി പദ്ധതിയിൽ 2220 ഏക്കർ ഭൂമിയിൽ 70 ശതമാനവും പത്തു മാസത്തിനകം ഏറ്റെടുത്തു. മൂന്നര മാസത്തിനകം 42752 സംരംഭങ്ങൾ ആരംഭിച്ചു. നാലു ലക്ഷത്തോളം തൊഴിൽ അതുവഴി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. കേരളത്തിൽ എല്ലാം തികഞ്ഞു എന്ന് അർത്ഥമില്ല. കൂടുതൽ മികച്ച മാതൃകകൾക്കായി മറ്റു സംസ്ഥാനങ്ങളിലേക്കും ലോകങ്ങളിലേക്കും തിരിയാം. കേരളത്തിൽ അനുയോജ്യമായത് ചെയ്യുക എന്നാണ് ലക്ഷ്യമിടുന്നത്. കേരളത്തിന്റെ വികസനത്തിന് പിന്തുണ നൽകുന്നതിന് പകരം നശീകരണ പ്രവർത്തനങ്ങൾ ചിലർ ചെയ്യുന്നുണ്ട്. അത് കേരളത്തിന്റെ വികസനത്തിന് നല്ലതല്ല. മറ്റു സംസ്ഥാനങ്ങളിൽ നിക്ഷേപം കൂടുതൽ കിട്ടുന്നതിന് മറ്റു ചില കാരണങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
ജി.എസ്.ടി കൂട്ടാനുള്ള തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കേരളത്തിൽ ചില്ലറ വസ്തുക്കൾക്ക് ജി.എസ്.ടി ഏർപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest News