കൊച്ചി- തോമാശ്ലീഹാ ഇന്ത്യയിൽ വന്നതിനു തെളിവില്ലെന്ന ഫാദർ പോൾ തേലക്കാടിന്റെ പ്രസ്താവനയെ ചൊല്ലി സീറോ മലബാർ സഭയിൽ ഭിന്നത. തോമാശ്ലീഹാ ഇന്ത്യയിൽ വന്നതിന് ചരിത്ര രേഖകളിൽ തെളിവുണ്ടെന്നും തേലക്കാട്ട് പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അത് സഭയുടെ നിലപാടല്ലെന്നും കൂരിയ ബിഷപ് മാർ വാണിയപ്പുരയ്ക്കൽ വ്യക്തമാക്കി. എന്നാൽ താൻ തോമാശ്ലീഹാ കേരളത്തിൽ വന്നിട്ടില്ലെന്ന് പറഞ്ഞിട്ടില്ലെന്നും മേൽജാതി സ്വത്വത്തെക്കുറിച്ചു മാത്രമാണ് താൻ പറഞ്ഞതെന്നും തേലക്കാട് വിശദീകരിച്ചു.
സിറോ മലബാർ സഭ ഉണ്ടായതു തന്നെ തോമാശ്ലീഹായുടെ സുവിശേഷ പ്രഘോഷണത്തിൽനിന്നാണെന്നും ഇതിനോടു വിയോജിക്കുന്നവർ ന്യൂനപക്ഷം മാത്രമാണെന്നും മാർ വാണിയപ്പുരയ്ക്കൽ പറഞ്ഞു.
'തോമാശ്ലീഹാ മാമോദീസ മുക്കിയ ബ്രാഹ്മണരെന്ന് ചിലർ വാദിക്കുന്നത് ശുദ്ധ അസംബന്ധമാണ്. തോമാശ്ലീഹാ വന്നുവെന്ന് പറയപ്പെടുന്നത് ഒന്നാം നൂറ്റാണ്ടിലാണ്. ആ സമയത്ത് ഇവിടെ ബ്രാഹ്മണരില്ല. ഇവിടെ ബ്രാഹ്മണർ എത്തിയത് ഏഴാം നൂറ്റാണ്ടിന് ശേഷമാണെന്നാണ് ചരിത്രം വിശദമാക്കുന്നത്. അപ്പോൾ എങ്ങനെയാണ് ഒന്നാം നൂറ്റാണ്ടിലെ തോമാശ്ലീഹാ ഏഴാം നൂറ്റാണ്ടിലെ ബ്രാഹ്മണരെ മാനസാന്തരപ്പെടുത്തുക എന്നാണ് ഒരു അഭിമുഖത്തിൽ തേലക്കാട്ട് പറഞ്ഞത്. തോമാശ്ലീഹാ ബ്രാഹ്മണരെയാണ് മാമോദീസ മുക്കി ക്രിസ്ത്യാനികളാക്കിയതെന്ന മിത്ത് തകർക്കപ്പെടണമെന്ന വാദവുമായി ഗീവർഗീസ് മാർ കൂറിലോസും രംഗത്തെത്തിയിരുന്നു.
എന്നാൽ വിശുദ്ധ തോമാശ്ലീഹ കേരളത്തിൽ വന്നുവെന്ന സിറോ മലബാർ സഭയുടെ നിലപാട് തള്ളി ചരിത്രകാരൻ എംജിഎസ് നാരായണൻ രംഗത്തുവന്നു. തോമാശ്ലീഹ കേരളത്തിലെത്തി എന്നു പറയുന്ന കാലത്ത് കേരളത്തിൽ ബ്രാഹ്മണർ പോയിട്ട് ജനവാസം പോലുമില്ലെന്ന് അദ്ദേഹം പറയുന്നു. ചരിത്രത്തെ സ്വന്തം ഇഷ്ടപ്രകാരം വളച്ചൊടിക്കുന്നത് പതിവാണ്.
സെന്റ് തോമസ് കേരളത്തിൽ വന്നിരുന്നുവെന്നതിന് യാതൊരു തെളിവുമില്ല. ഇവിടെ വന്നിട്ട് എന്ത് ചെയ്യാൻ, ഇവിടെ കാട് മാത്രമേയുള്ളൂ, അപ്പോൾ പിന്നെ എന്തിനാണ് വരുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. മൗര്യൻ കാലത്തിന്റെ അവസാന കാലത്ത് മാത്രമേ ഇവിടെ ജനവാസമുള്ളൂ എന്നാണ് എംജിഎസ് പറയുന്നത്. സഭ സ്വന്ത ഇഷ്ടപ്രകാരം ഉണ്ടാക്കിയ കഥയാണ് സെന്റ് തോമസിന്റെ കേരള സന്ദർശനം. മതങ്ങളും രാഷ്ട്രീയ പാർട്ടികളും ചരിത്രത്തെ വളച്ചൊടിക്കുന്നത് എക്കാലവുമുണ്ടെന്നും എംജിഎസ് പറഞ്ഞു.