Sorry, you need to enable JavaScript to visit this website.

ഈ വീട്ടിൽ പെൺകുട്ടികളുണ്ട്; ബി.ജെ.പിക്കാർ വോട്ട് ചോദിച്ചു വരരുത്'

ചെങ്ങന്നൂരിൽ ബി.ജെ.പി വിരുദ്ധ പോസ്റ്റർ

ആലപ്പുഴ-ജമ്മുവിലെ കത്വവയിൽ എട്ടു വയസ്സുകാരി ആസിഫ ബാനു കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരിൽ ബി.ജെ.പി വിരുദ്ധ പോസ്റ്ററുകൾ പ്രചരിക്കുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരിലെ വിവിധ ഭാഗങ്ങളിലെ വീടുകൾക്ക് മുന്നിലാണ് ബി.ജെ.പിയെ വെട്ടിലാക്കുന്ന പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
'ഈ വീട്ടിൽ പത്ത് വയസ്സിൽ താഴെയുള്ള പെൺകുട്ടികളുണ്ട്. ദയവായി ബി.ജെ.പിക്കാർ വോട്ടു ചോദിച്ച് വീട്ടിൽ കയറരുത്' എന്നെഴുതിയ പോസ്റ്ററുകളാണ് മണ്ഡലത്തിലുടനീളം പതിച്ചിരിക്കുന്നത്. ആസിഫ സംഭവത്തിനു ശേഷം പ്രതിരോധത്തിലായ ബി.ജെ.പി, ചെങ്ങന്നൂരിൽ പ്രചാരണത്തിൽ പിന്നോക്കം പോയിട്ടുണ്ട്. ഇത്തരത്തിൽ പോസ്റ്റർ പതിച്ചതിനു പിന്നിൽ സി.പി.എം, കോൺഗ്രസ് പ്രവർത്തകരാണെന്ന് ബി.ജെ.പി നിയോജക മണ്ഡലം ഭാരവാഹികൾ ആരോപിച്ചു. അതേസമയം, ബി.ജെ.പി പ്രവർത്തകരെ ജനങ്ങൾ വെറുത്തതായിട്ടാണ് പോസ്റ്ററുകളിലൂടെ തെളിയുന്നതെന്ന് ഇടതു-വലതു മുന്നണി നേതൃത്വം അഭിപ്രായപ്പെടുന്നു.


ആസിഫയുടെ നിഷ്ഠുരമായ കൊലപാതകത്തോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരിൽ ബി.ജെ.പി പ്രചാരണത്തിനിറങ്ങാൻ കഴിയാതെ കടുത്ത പ്രതിരോധത്തിലാണ്. സാധാരണ പ്രവർത്തകർ പ്രചാരണത്തിൽ നിന്ന് പിന്മാറിയതായി ആക്ഷേപമുണ്ട്. അതേസമയം, സംഭവത്തിന്റെ അലയൊലികൾ കെട്ടടങ്ങുമ്പോഴേക്കും പ്രചാരണം ശക്തിപ്പെടുത്തിയാൽ മതിയെന്നും നേതൃത്വത്തിൽ നിന്നും അഭിപ്രായമുണ്ടെന്ന് സാധാരണ പ്രവർത്തകർ പറയുന്നു.  
സംഭവം ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായതും ബി.ജെ.പിയെ വെട്ടിലാക്കുന്നുണ്ട്. ഇൻഡ്യ ടുഡേ, തമിഴ് സൺ തുടങ്ങിയ ചാനലുകളിൽ ഇതുസംബന്ധിച്ച് വന്ന വാർത്തയുടെ ക്ലിപ്പിംഗ് മണ്ഡലത്തിൽ പ്രചരിക്കുന്നുണ്ട്. ഇത് കൂടുതൽ പേരിലെത്തിക്കാൻ ഇടതു-വലതുമുന്നണികളുടെ പ്രചാരണരംഗത്തുള്ളവരും ശ്രമിക്കുന്നുണ്ട്. മണ്ഡലത്തിലുടനീളം ഇത്തരം പോസ്റ്റർ പ്രചരിക്കുന്നുണ്ടെന്നും ഇതിൽ തെറ്റു പറയാനാകില്ലെന്നും ഇടതു സ്ഥാനാർഥി സജി ചെറിയാൻ പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ അഭിപ്രായങ്ങൾക്ക് പ്രസക്തിയില്ല. കൊച്ചുകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവമായതിനാൽ ജനങ്ങളിൽ കടുത്ത പ്രതിഷേധം കാണും. അത് പോസ്റ്ററായും മറ്റ് പലതരത്തിലും പ്രകടിപ്പിക്കും. ആസിഫ സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ചെങ്ങന്നൂർ കേന്ദ്രീകരിച്ച് സി.പി.എം നേതൃത്വത്തിൽ മാർച്ചും സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. സമുന്നതരായ നേതാക്കൾ പ്രതിഷേധ സംഗമത്തിൽ സംബന്ധിക്കും. 


മണ്ഡലത്തിൽ ഇത്തരത്തിൽ പോസ്റ്റർ പതിച്ചതുമായി യു.ഡി.എഫ് പ്രവർത്തകർക്ക് പങ്കില്ലെന്ന് സ്ഥാനാർഥി അഡ്വ.ഡി. വിജയകുമാർ പറഞ്ഞു. ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രവർത്തകർ ഇങ്ങനെ ചെയ്യില്ല. ആരെയും വ്യക്തിഹത്യ നടത്താൻ യു.ഡി.എഫ് തയാറാകില്ല. എന്നാൽ, ആസിഫയുടെ ദാരുണ അന്ത്യത്തിൽ ശക്തമായ പ്രതിഷേധമുണ്ട്. സംഭവമറിഞ്ഞ ദിവസം തന്നെ ചെങ്ങന്നൂരിൽ യു.ഡി.എഫ് പ്രവർത്തകർ തന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തുകയും മറ്റും ചെയ്തിരുന്നു. പോസ്റ്റർ സംബന്ധിച്ച് തനിക്കൊന്നും അറിയില്ലെന്നും വിജയകുമാർ പറഞ്ഞു. കോൺഗ്രസിനെ അധികാരത്തിൽ നിന്നിറക്കാൻ മോശമായ പല മാർഗങ്ങളും സ്വീകരിച്ച ബിജെപി ഇപ്പോൾ ന്യൂനപക്ഷങ്ങളെയും ദളിതരെയും ജീവിക്കാൻ അനുവദിക്കുന്നില്ല. ഇതിനൊക്കെ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെറുതെ ന്യൂസ് സൃഷ്ടിക്കാൻ വേണ്ടിയുള്ളതാണിതെന്ന് ബിജെപി സ്ഥാനാർഥിയും പാർട്ടി ദേശീയസമിതിയംഗവുമായ അഡ്വ. പി.എസ് ശ്രീധരൻ പിള്ള മലയാളം ന്യൂസിനോട് പറഞ്ഞു. ഇത്തരം പോസ്റ്റർ താൻ എവിടെയും കണ്ടിട്ടില്ല. എല്ലാ ദിവസവും ബിജെപി പ്രവർത്തകരോടൊപ്പം മണ്ഡലത്തിലുണ്ട്. വാർത്തയാക്കാൻ ബോർഡ് എഴുതി ആർക്കു വേണേലും വെയ്ക്കാമല്ലോ? ഇടതു-വലതു മുന്നണികളിലുള്ളവർ അത്തരം വിഡ്ഢിത്തം ചെയ്യുമെന്ന് തോന്നുന്നില്ല. ബിജെപിക്കാരല്ലല്ലോ പെൺകുട്ടിയെ റേപ്പ് ചെയ്തത്. ഞങ്ങളുടെ സർക്കാർ രണ്ടുരണ്ടര മാസമായി കേസന്വേഷിച്ചത് എന്തിനാ? ഇതുവരെ ആർക്കും ഒന്നും അറിയില്ലല്ലോ. ചാർജ് ഷീറ്റ് കൊടുത്തപ്പോഴല്ലേ പുറത്തറിഞ്ഞത്. വേണമെങ്കിൽ മറച്ചുവെയ്ക്കാമായിരുന്നില്ലേ. അതൊന്നും ഉണ്ടാകാതെ ആ കുട്ടിക്ക് നീതി ലഭ്യമാക്കാൻ പ്രധാനമന്ത്രി തന്നെ രംഗത്തു വന്നു. എന്നിട്ടും ഇത്തരത്തിൽ പ്രചാരണം നടത്തുന്നത് മോശമായ പ്രവണതയാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. 

Latest News