ന്യൂദല്‍ഹി- രാജ്യസഭ എം.പി സ്ഥാനവും ഗവര്‍ണര്‍ പദവിയും അടക്കമുള്ള ഉന്നത സര്‍ക്കാര്‍ പദവികള്‍ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടാന്‍ ശ്രമിച്ച സംഘത്തെ സി.ബി.ഐ കുടുക്കി. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന്് സി.ബി.ഐ നടത്തിയ റെയ്ഡില്‍ സംഘത്തിലെ നാല് പേര്‍ പിടിയിലായി. റെയ്ഡിനിടെ ഒരാള്‍ സി.ബി.ഐ സംഘത്തെ ആക്രമിച്ച് കടന്നു കളഞ്ഞു.
ദല്‍ഹി സ്വദേശികളായ മഹേന്ദ്ര പാല്‍ അറോറ, അഭിഷേഖ് ബൂറ, മുഹമ്മദ് അജാസ് ഖാന്‍, മഹാരാഷ്ട്ര സ്വദേശി കമലാകാര്‍ പ്രേംകുമാര്‍, കര്‍ണാടക സ്വദേശി രവീന്ദ്ര വിത്തല്‍ നായിക് എന്നിവരാണ് പിടിയിലായത്. നൂറു കോടിയുടെ തട്ടിപ്പാണ് സംഘം ലക്ഷ്യമിട്ടതെന്ന് സി.ബി.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജ്യസഭാ സീറ്റ്, ഗവര്‍ണര്‍ പദവി, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍ പദവികള്‍ എന്നിവ സംഘടിപ്പിച്ചുതരാമെന്ന വാഗ്ദാനത്തില്‍ ആളുകളില്‍നിന്നു പണം വാങ്ങാനായിരുന്നു സംഘത്തിന്റെ പദ്ധതി. നൂറു കോടി രൂപയെങ്കിലും ഇതിലൂടെ നേടാമെന്നായിരുന്നു ഇവരുടെ കണക്കുകൂട്ടല്‍. വാഗ്ദാനവുമായി ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ഇവര്‍ സമീപിച്ചതായി സി.ബി.ഐക്കു വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.