ദഹ്‌റാൻ- ഇരുപത്തിയൊമ്പതാമത് അറബ് ഉച്ചകോടിക്ക് കിഴക്കൻ പ്രവിശ്യയിലെ ദഹ്‌റാൻ ഇന്ന് സാക്ഷ്യം വഹിക്കും. സിറിയക്കെതിരായി അമേരിക്കയുടെ നേതൃത്വത്തിലുള്ള ആക്രമണത്തിന്റെയും മേഖലാ രാജ്യങ്ങളിൽ നിലനിൽക്കുന്ന സങ്കീർണമായ സംഘർഷങ്ങളുടെയും വെല്ലുവിളികളുടെയും പശ്ചാത്തലത്തിൽ നടക്കുന്ന ഉച്ചകോടിയെ ഏറെ പ്രാധാന്യത്തോടെയാണ് നിരീക്ഷകർ നോക്കിക്കാണുന്നത്.
കഴിഞ്ഞ മാസാവസാനം നടക്കേണ്ട ഉച്ചകോടി ഈജിപ്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് നീട്ടിവെക്കുകയായിരുന്നു. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് രാഷ്ട്ര നേതാക്കൾ എത്തിത്തുടങ്ങി. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി, സോമാലി പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ല മുഹമ്മദ്, ഒമാൻ ഉപപ്രധാനമന്ത്രി ഫഹദ് ബിൻ മഹ്മൂദ് ആലുസഈദ് തുടങ്ങിയവർ അടക്കമുള്ള നേതാക്കൾ ഇന്നലെ ദഹ്‌റാനിലെത്തി. കിഴക്കൻ പ്രവിശ്യ ഗവർണർ സൗദ് ബിൻ നായിഫ് രാജകുമാരൻ, ഡെപ്യൂട്ടി ഗവർണർ അഹ്മദ് ബിൻ ഫഹദ് ബിൻ സൽമാൻ രാജകുമാരൻ, അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽഗെയ്ത്, കിഴക്കൻ പ്രവിശ്യ മേയർ എൻജിനീയർ ഫഹദ് ബിൻ മുഹമ്മദ് ബിൻ അൽജുബൈർ, ആഫ്രിക്കൻ കാര്യങ്ങൾക്കുള്ള സഹമന്ത്രി അഹ്മദ് ഖത്താൻ തുടങ്ങിയവർ ചേർന്ന് കിംഗ് അബ്ദുൽ അസീസ് വ്യോമത്താവളത്തിൽ വിദേശ രാഷ്ട്ര നേതാക്കളെ സ്വീകരിച്ചു.
ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, തുനീഷ്യൻ പ്രസിഡന്റ് ബേജി ഖായിദ് അസ്സബ്‌സി, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം എന്നിവരും ഇന്നലെ ദഹ്‌റാനിലെത്തി. ഉച്ചകോടി വൻ വിജയമാക്കുന്നതിനുള്ള മുഴുവൻ ഒരുക്കങ്ങളും സൗദി അറേബ്യ പൂർത്തിയാക്കിയിട്ടുണ്ട്. ഉച്ചകോടി പ്രമാണിച്ച് ദമാം, അൽകോബാർ, ദഹ്‌റാൻ എന്നിവിടങ്ങളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. രാഷ്ട്ര നേതാക്കളുടെ വാഹന വ്യൂഹങ്ങൾക്ക് സുഗമമായി കടന്നുപോകുന്നതിന് സാധിക്കുന്നതിന് കിഴക്കൻ പ്രവിശ്യയിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണമുണ്ട്.