ന്യൂദല്‍ഹി- രാജ്യത്തെ ജനങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷം തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനു നന്ദി പറഞ്ഞ് രാഷ്ടപ്രതി റാം നാഥ് കോവിന്ദിന്റെ വിടവാങ്ങല്‍ പ്രസംഗം.
രാഷ്ടപ്രതിഭവനില്‍നിന്നു പടിയിറങ്ങുന്നതിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
'എല്ലാ സഹപൗരന്മാരോടും നിങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോടും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. രാജ്യത്തുടനീളമുള്ള എന്റെ സന്ദര്‍ശനങ്ങളില്‍ പൗരന്മാരുമായുള്ള
എന്റെ ഇടപെടലുകളില്‍നിന്ന് എനിക്ക് പ്രചോദനവും ഊര്‍ജവും ലഭിച്ചിട്ടുണ്ട്. സായുധ സേനകളിലെയും അര്‍ധസൈനിക വിഭാഗങ്ങളിലെയും പോലീസിലെയും നമ്മുടെ ധീര ജവാന്മാരെ കാണാന്‍ അവസരം ലഭിച്ച സന്ദര്‍ഭങ്ങള്‍ ഞാന്‍ പ്രത്യേകം വിലമതിക്കുന്നു. അവരുടെ ദേശസ്‌നേഹ തീക്ഷ്ണത വിസ്മയിപ്പിക്കുന്നതും പ്രചോദനം നല്‍കുന്നതുമാണ്.
കാന്‍പുര്‍ ദേഹത് ജില്ലയിലെ പരുങ്ക് ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ വളര്‍ന്ന റാം നാഥ് കോവിന്ദ് ഇന്നു രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. ഇതിനു കാരണം രാജ്യത്തിന്റെ ഊര്‍ജ്ജസ്വലമായ ജനാധിപത്യ സംവിധാനമാണ്. അതിനെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. രാഷ്ട്രപതിയായ സമയത്ത് എന്റെ ജന്മഗ്രാമം സന്ദര്‍ശിക്കുകയും കാന്‍പുര്‍ സ്‌കൂളിലെ പ്രായമായ അധ്യാപകരുടെ പാദങ്ങള്‍ തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്തത് ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളിലൊന്നാണ്.
നമ്മുടെ വേരുകളോടു ബന്ധം പുലര്‍ത്തുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രത്യേകതയാണ്. സ്വന്തം ഗ്രാമവുമായോ നഗരവുമായോ അവരുടെ സ്‌കൂളുകളുമായും അധ്യാപകരുമായും ബന്ധപ്പെട്ടിരിക്കുന്ന ഈ പാരമ്പര്യം തുടരാന്‍ ഞാന്‍ യുവതലമുറയോട് അഭ്യര്‍ഥിക്കുന്നു.' രാഷ്ട്രപതി പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്‌റുവും അംബേദ്കറും അടക്കമുള്ളവരുടെ സംഭാവനകളെ രാഷ്ട്രപതി അനുസ്മരിച്ചു. തിങ്കളാഴ്ചയാണ് രാഷ്ട്രപതി റാം നാഥ് കോവിന്ദ് സ്ഥാനമൊഴിയുന്നത്.
രാവിലെ പത്തിന് ദ്രൗപദി മുര്‍മു രാജ്യത്തിന്റെ 15 ാം രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.