ആലപ്പുഴ- ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ആലപ്പുഴ ഡി.സി.സിയുടെ നേതൃത്വത്തില്‍ രാവിലെ പത്തിന് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കും. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ദൗര്‍ഭാഗ്യകരമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി. കുറ്റാരോപിതനായ ഒരു വ്യക്തിക്ക് ജില്ലയുടെ പൂര്‍ണ അധികാരം നല്‍കിയതിന്റെ കാരണം മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
2019 ഓഗസ്റ്റ് 3ന് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ചാണ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം ബഷീര്‍ മരിച്ചത്. ശ്രീറാം വെങ്കിട്ടരാമന്‍, സുഹൃത്ത് വഫ ഫിറോസ് എന്നിവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ബഷീറിന്റെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. കോടതി നടപടികള്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തിലായിരുന്നു ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായി ശ്രീറാമിനെ നിയമിച്ചത്. കെ.എം ബഷീറിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ നീതിപൂര്‍വകമായ നടപടിയുണ്ടാകുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന വിമര്‍ശം നിലനില്‍ക്കുന്നുണ്ട്.