Sorry, you need to enable JavaScript to visit this website.

കതുവയിലേക്ക് അയച്ചത് ബി.ജെ.പിയെന്ന് രാജിവെച്ച മന്ത്രി 

മന്ത്രിസ്ഥാനം രാജിവെച്ചത് പാര്‍ട്ടിയുടെ പ്രതിഛായ രക്ഷിക്കാനെന്ന് ചന്ദര്‍ പ്രകാശ് ഗംഗ  

ജമ്മു- കതുവയില്‍ എട്ടു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കാന്‍ നടന്ന റാലിയില്‍ പങ്കെടുത്തത് ബി.ജെ.പിയുടെ നിര്‍ദേശപ്രകാരമാണെന്ന് ജമ്മു കശ്മീര്‍ മന്ത്രിസഭയില്‍നിന്ന് രാജിവെച്ച ചന്ദര്‍ പ്രകാശ് ഗംഗ പറഞ്ഞു. പാര്‍ട്ടിയുടെ പ്രതിഛായ സംരക്ഷിക്കാനാണ് ഇപ്പോള്‍ രാജി സമര്‍പ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഞങ്ങളെ കതുവയിലേക്ക് അയച്ചത് പാര്‍ട്ടിയാണ്. പാര്‍ട്ടി പ്രസിഡന്റ് സത് ശര്‍മയാണ് ഞങ്ങളെ അയച്ചത്. പാര്‍ട്ടിയുടെ നിര്‍ദേശമാണ് ഞങ്ങള്‍ അവിടെ പോയത് -ചന്ദര്‍പ്രകാശ് ഗംഗയെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
മൂന്ന് തവണയാണ് അന്വേഷണം കൈമാറിയതെന്നും അതുകൊണ്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് ജനങ്ങള്‍ ഞങ്ങളോട് പറഞ്ഞത്. എന്റെ ത്യാഗം പാര്‍ട്ടിയുടെ പ്രതിഛായ സംരക്ഷിക്കുമെങ്കില്‍ സന്തോഷമേയുള്ളൂ. അതുകൊണ്ടാണ് രാജി സമര്‍പ്പിച്ചത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഗംഗയും ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ലാല്‍ സിംഗും കഴിഞ്ഞ ദിവസമാണ് മന്ത്രിസഭയില്‍നിന്ന് രാജിവെച്ചത്. കതുവ പെണ്‍കുട്ടിയുടെ കേസ് അട്ടിമറിക്കാന്‍ അവിടെ നടന്ന പ്രക്ഷേഭത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശമുയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു രാജി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സത് ശര്‍മക്കാണ് കഴിഞ്ഞ ദിവസം ഇരുവരും രാജിക്കത്ത് കൈമാറിയത്. 
സമാധാനം പുനഃസ്ഥാപിക്കാനും സംഘര്‍ഷം ഒഴിവാക്കാനുമാണ് റാലിയില്‍ പങ്കെടുത്തതെന്നായിരുന്നു ലാല്‍ സിംഗ് ന്യായീകരിച്ചിരുന്നത്. കേസില്‍ പ്രദേശവാസികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ നേരത്തെ മന്ത്രിമാര്‍ ശക്തിയായി എതിര്‍ത്തിരുന്നു.
ജനുവരി പത്തിന് കതുവയിലെ വീട്ടിനുടുത്ത് നിന്ന് കാണാതായ ബകര്‍വാള്‍ മുസ്‌ലിം സമുദായത്തിലെ എട്ടു വയസ്സുകാരിയുടെ മൃതദേഹം ഒരാഴ്ചക്കു ശേഷമാണ് കണ്ടെത്തിയിരുന്നത്. 
ആസിഫയെന്ന പെണ്‍കുട്ടിയുടെ മൃതദേഹം ഗ്രാമത്തില്‍ സ്വന്തം കുടുംബത്തിന്റെ സ്ഥലത്ത് ഖബറടക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഹിന്ദുത്വ തീവ്രവാദി സംഘം തടഞ്ഞിരുന്നു. മൃതദേഹം അവിടെ മറവു ചെയ്താല്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന് പ്രദേശം കത്തിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ആള്‍ ട്രൈബല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി വെളിപ്പെടുത്തുന്നു. 
ബകര്‍വാള്‍ ആട്ടിടയന്മാരില്‍ ഭീതി ജനിപ്പിച്ച് അവരെ ഓടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു പെണ്‍കുട്ടിയുടെ കൊലപാതകമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികളിലൊരാള്‍ നോക്കിനടത്തിയിരുന്ന ഹിന്ദു ക്ഷേത്രത്തിലാണ് പെണ്‍കുട്ടിയെ ഒളിപ്പിച്ച് മയക്കുമരുന്ന് നല്‍കി ക്രൂരമായി പീഡിപ്പിച്ചത്. കതുവക്ക് സമീപം രസന ഗ്രാമത്തിലെ ദേവസ്ഥാനത്ത് കണ്ടെത്തിയ മുടി കുട്ടിയുടേതാണെന്ന് ഡി.എന്‍.എ ടെസ്റ്റില്‍ സ്ഥിരീകരിച്ചു. 
കേസില്‍ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ഹിന്ദു ഏകതാ മഞ്ച് സമരം ഏറ്റെടുത്തത്. 

 
 

Latest News