ന്യൂദല്‍ഹി- ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശത്ത് കാണാതായ 19 റോഡ് നിര്‍മാണത്തൊഴിലാളികളില്‍ ഏഴ് പേരെ ഇന്ത്യന്‍ വ്യോമസേന കണ്ടെത്തി. അസമില്‍നിന്നുള്ള തൊഴിലാളികളെ അരുണാചല്‍ പ്രദേശിലെ നിയന്ത്രണരേഖ്ക്ക് സമീപത്തുള്ള കുരുംഗ് കുമേയിലെ നിന്നാണ് കാണാതായത്. ദാമിന്‍ സര്‍ക്കിളില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ റോഡ് നിര്‍മാണസൈറ്റില്‍നിന്ന് കാണാതായ സംഘത്തിലെ ഏഴ് പേരെ വെള്ളിയാഴ്ചയാണ് സേന കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ബക്രീദിന് അസമിലേക്ക് മടങ്ങാന്‍ തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യം കരാറുകാരന്‍ നിരാകരിച്ചതോടെ മൂന്ന് സംഘമായി തിരിഞ്ഞ തൊഴിലാളികള്‍ ജൂലായ് അഞ്ചിന് പലവഴികളിലേക്ക് ഓടി പോവുകയായിരുന്നുവെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പറഞ്ഞു. കണ്ടെത്തിയ തൊഴിലാളികള്‍ അവശനിലയിലായിരുന്നു. പലര്‍ക്കും സംസാരിക്കാനുള്ള ശേഷിയും ഉണ്ടായിരുന്നില്ല.
തൊഴിലാളികളെ സുരക്ഷിതമായ സ്ഥലത്ത് പാര്‍പ്പിച്ചതായും അവര്‍ക്കാവശ്യമായ വൈദ്യസഹായമുള്‍പ്പെടെയുള്ള സൗകര്യം ഏര്‍പ്പെടുത്തിയതായും ഉന്നത പോലീസുദ്യോഗസ്ഥന്‍ അറിയിച്ചു. കാണാതായ തൊഴിലാളികളില്‍ ഒരാളെ ഫുറാക് നദിയില്‍ മരിച്ച നിലയില്‍ തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.