Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് രണ്ടു മാസത്തിനകം എല്ലാവർക്കും കരുതൽ ഡോസ്; സൗജന്യം സെപ്റ്റംബർ 30 വരെ മാത്രം

മലപ്പുറം- സെപ്റ്റംബർ 20ന് മുമ്പ് ജില്ലയിൽ മുഴുവൻ ആളുകൾക്കും കോവിഡ് കരുതൽ ഡോസ് നൽകുമെന്ന് ജില്ലാ കലക്ടർ വി.ആർ പ്രേംകുമാർ പറഞ്ഞു. സെപ്റ്റംബർ 30 വരെ മാത്രമേ കരുതൽ ഡോസ് സൗജന്യമായി ലഭിക്കൂ. അതിനു മുമ്പ് എല്ലാവരും പ്രതിരോധ വാക്‌സിൻ സ്വീകരിക്കണമെന്നും കലക്ടർ ഓർമിപ്പിച്ചു.
സംസ്ഥാനത്തെ കോവിഡ് പ്രതിരോധം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വിഡിയോ കോൺഫറൻസ് വഴി ചേർന്ന അവലോകന യോഗത്തിനു ശേഷം ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ തലത്തിൽ സെൽ രൂപീകരിക്കാൻ കലക്ടർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കും. അതുവഴി കൂടുതൽ പേർക്കു കരുതൽ ഡോസ് ഫലപ്രദമായി നൽകാൻ കഴിയും.
കരുതൽ ഡോസ് എടുക്കുന്ന കാര്യത്തിൽ മറ്റു ജില്ലകളേക്കാൾ പിറകിലാണ് മലപ്പുറം. വാക്‌സിൻ സ്വീകരിക്കാൻ ആളുകൾ വിമുഖത കാണിക്കുന്ന പ്രവണത ഇപ്പോഴുമുണ്ട്.
കോവിഡ് പൂർണമായും വിട്ടുമാറിയിട്ടില്ലെന്നും വൈറസിന്റെ പുതിയ വകഭേദങ്ങൾ വ്യാപിക്കുന്നുണ്ടെന്നും കലക്ടർ ഓർമിപ്പിച്ചു. പ്രതിരോധ കുത്തിവയ്പിലൂടെ മാത്രമേ രോഗവ്യാപനവും രോഗത്തിന്റെ കാഠിന്യവും കുറക്കാനാകൂ. ഇതിനു എല്ലാവരുടെയും സഹകരണം ആവശ്യമാണ്. തദ്ദേശ സ്ഥാപന മേധാവികൾ, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നിവരുടെ യോഗം വിളിച്ച് പ്രതിരോധ നടപടികൾ വേഗത്തിലാക്കാനുള്ള കർമ പദ്ധതി ആവിഷ്‌കരിക്കും. ഈ മാസം ചേരുന്ന ജില്ലാ വികസന സമിതിയിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും കലക്ടർ അറിയിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ജോസഫ് ചെറുകരക്കുന്നേൽ, വാട്ടർ അഥോറിറ്റി സൂപ്രണ്ടിംഗ്് എൻജിനീയർ വി.പ്രസാദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
 

Latest News