Sorry, you need to enable JavaScript to visit this website.

താളംതെറ്റി ഹാജിമാരുടെ മടക്കയാത്ര; 4524 പേർ കൊച്ചിയിൽ മടങ്ങിയെത്തി

മടക്കയാത്ര ഓഗസ്റ്റ് ഒന്ന് വരെ

നെടുമ്പാശ്ശേരി- സംസ്ഥാന ഹജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പാശ്ശേരി ഹജ് ക്യാംപ് വഴി ഈ വർഷത്തെ ഹജ് കർമത്തിൽ പങ്കെടുക്കാൻ യാത്രയായിരുന്ന 4524 ഹാജിമാർ മടങ്ങിയെത്തി. ഹാജിമാരുടെ മടക്കയാത്ര താളം തെറ്റിയതായി വ്യാപക പരാതിയുമുയർന്നു.
ഇന്നലെ വരെ സൗദി എയർലൈൻസിന്റെ 12 വിമാനങ്ങളാണ് ഹാജിമാരുമായി നെടുമ്പാശ്ശേരിയിലേക്ക് സർവീസ് നടത്തിയത്. 
ഈ മാസം 15 മുതലാണ് ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചത്. കേരളത്തിന് പുറമെ തമിഴ്‌നാട്, ലക്ഷദ്വീപ്, പോണ്ടിച്ചേരി, ആൻഡമാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹാജിമാരുടെ മടക്കയാത്രയും നെടുമ്പാശ്ശേരിയിലേക്കാണ്. 
ലക്ഷദ്വീപിൽ നിന്നും യാത്ര തിരിച്ചിരുന്ന മുഴുവൻ ഹാജിമാരും വെള്ളിയാഴ്ച മടങ്ങിയെത്തി. 146 പേരാണ് ലക്ഷദ്വീപിൽ നിന്നും യാത്രയായിരുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം ഇന്ന് വൈകീട്ട് 3.30 നുള്ള വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തും. 
പല ദിവസങ്ങളിലും വിമാനങ്ങൾ ചാർട്ട് ചെയ്ത സമയ ക്രമത്തിൽ നിന്നും മണിക്കൂറുകളോളം വൈകുന്നത് മൂലം ഹാജിമാരും അവരെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തുന്നവരും ഏറെ കഷ്ടപ്പെടുകയാണ്. വെള്ളിയാഴ്ച രാവിലെ 11.20 ന് എത്തേണ്ട വിമാനം രാത്രി 8.30 നാണ് എത്തിയത്. ഇന്നലെ പുലർച്ചെ 2.15 ന് എത്തേണ്ട വിമാനം മൂന്ന് മണിക്കൂറിലേറെ വൈകി 5.30 നാണ് എത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലും ഇതേ രീതിയിൽ വിമാനം മണിക്കൂറുകളോളം വൈകിയാണ് എത്തിയത്. വിമാനം വൈകുന്ന വിവരം നേരത്തെ ലഭിക്കാത്തതിനാൽ ഹാജിമാരെ സ്വീകരിക്കാൻ വടക്കൻ ജില്ലകളിൽ നിന്നടക്കം ദൂരെ സ്ഥലങ്ങളിൽ നിന്നും എത്തുന്നവർ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട അവസ്ഥയാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് വിമാനം വൈകുന്ന വിവരം ഇവർ അറിയുന്നത്. വിവരങ്ങൾ നൽകാൻ സംസ്ഥാന ഹജ് കമ്മിറ്റിയും യാതെരു സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. ഇത്തവണത്തെ ഹജ് സർവീസിന്റെ മടക്കയാത്രയിൽ സൗദി എയർലൈൻസ് തികച്ചും നിരുത്തരവാദപരമായാണ് മുന്നോട്ടു പോകുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. മടക്കയാത്രയ്ക്കായി ജിദ്ദയിൽ നിന്നും 21 വിമാനങ്ങളാണ് സൗദി എയർലൈൻസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് ഒന്ന് വരെയാണ് ഹാജിമാരുടെ മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്.

Latest News