Sorry, you need to enable JavaScript to visit this website.

ന്യൂനപക്ഷ അവകാശങ്ങള്‍ ചോദ്യം ചെയ്ത് കേന്ദ്ര മന്ത്രി 

ന്യൂദല്‍ഹി- ഭൂരിപക്ഷത്തിനില്ലാത്ത ധാരാളം അവകാശങ്ങള്‍ രാജ്യത്ത് ന്യൂനപക്ഷത്തിനു ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര മാനവശേഷി വികസന സഹമന്ത്രി സത്യപാല്‍ സിംഗ്. കഴിഞ്ഞ ഏതാനും ദശകങ്ങളിലായി ഭരണഘടനക്ക് നല്‍കി വരുന്ന വ്യാഖ്യാനം പുനഃപരിശോധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 
നിയമത്തിനു പിന്നില്‍ എല്ലാവരും തുല്യരായിരിക്കണം. എന്നാല്‍ കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ഭരണഘടനക്കും നിയമത്തിനും നല്‍കുന്ന വ്യാഖ്യാനം പുനഃപരിശോധന ആവശ്യപ്പെടുന്നുണ്ട്.
ഭരണഘടനാശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ 127 ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ദല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിയമവാഴ്ചയും രാഷ്ട്രനിര്‍മാണത്തില്‍ അംബേദ്കറുടെ പങ്കും എന്നതായിരുന്നു വിഷയം. 
ഭരണഘടനപ്രകാരം ധാരാളം അവകാശങ്ങള്‍ ലഭിച്ചിട്ടും തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്നാണ് ന്യൂനപക്ഷം പരാതിപ്പെടുന്നത്. അവര്‍ക്ക് അവരുടെ സ്ഥാപനങ്ങള്‍ നടത്താന്‍ അവകാശമുണ്ട്, അവര്‍ മതസ്ഥാപനങ്ങള്‍ നടത്തുന്നു. ഇതൊന്നും ഭൂരിപക്ഷത്തിനില്ല. നിയമം എല്ലാവര്‍ക്കും തുല്യമാണ്-അദ്ദേഹം പറഞ്ഞു. 
നിയമവാഴ്ചയെന്നു പറഞ്ഞാല്‍ നിയമം എല്ലാവര്‍ക്കും തുല്യമാണെന്നാണ്. എന്നാല്‍ 100 രൂപ മോഷ്ടിച്ചയാള്‍ക്കും 100 കോടി മേഷ്ടിച്ചയാള്‍ക്കും ഒരേ ശിക്ഷയാണ് ലഭിക്കുന്നത്. ഇത് സമൂഹത്തിനു നീതി നല്‍കുന്നതാണോ എന്ന് മന്ത്രി ചോദിച്ചു. ഇല്ല എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ട് തന്നെ നിയമങ്ങള്‍ ഭേദഗതി ചെയ്യണം. ഈയുടത്ത കാലത്തായി നിയമവാഴ്ചയില്ല. ഇതിന്റെ ഫലമായി വലിയ വിവേചനങ്ങളാണുണ്ടായത്- മന്ത്രി പറഞ്ഞു. 

Latest News