Sorry, you need to enable JavaScript to visit this website.

പശ്ചിമബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജി എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റില്‍

കൊല്‍ക്കത്ത-പശ്ചിമബംഗാളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിയില്‍ സംസ്ഥാന മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. 24 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യലിനുശേഷമാണ് തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ കൂടിയായ പാര്‍ഥ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തത്. വെസ്റ്റ് ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ (ഡബ്ല്യു.ബി.എസ്.എസ്.സി) നിയമനത്തില്‍ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ് കേസ്.  
മന്ത്രിയുടെ അടുത്ത സഹായി ആയ അര്‍പിത മുഖര്‍ജിയുടെ വസതിയില്‍നിന്ന് 20 കോടി രൂപയും 20 മൊബൈല്‍ ഫോണുകളും കണ്ടെത്തിയ സംഭവത്തിലാണ് ചാറ്റര്‍ജിയെ ചോദ്യം ചെയ്തിരുന്നത്. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു. അര്‍പിത മുഖര്‍ജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്ന് അദ്ദേഹം തുടര്‍ച്ചയായി ഒഴിഞ്ഞുമാറി. സൗത്ത് കൊല്‍ക്കത്തയിലെ വസതിയില്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്ത ശേഷമാണ് ശനിയാഴ്ച രാവിലെ പത്തേകാലോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യാനായി അര്‍പിത മുഖര്‍ജിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പണം കണ്ടെത്തയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്ന് അര്‍പിതയും ഒഴിഞ്ഞുമാറുകയാണെന്ന് ഇ.ഡി വൃത്തങ്ങള്‍ പറയുന്നു.
നിലവില്‍ വാണിജ്യ, വ്യവസാ മന്ത്രിയായ പാര്‍ഥ ചാറ്റര്‍ജി ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നില്ലെന്ന് കൊക്കത്തയിലെ ഇ.ഡി ഉദ്യോഗസ്ഥര്‍ ന്യൂദല്‍ഹിയിലെ ഓഫീസിനെ അറിയിച്ചതിനുശേഷമാണ് അറസ്റ്റ് ചെയ്യാനുള്ള തീരുമാനമെടുത്തത്. അറസ്റ്റ് ചെയ്ത മന്ത്രിയെ വടക്കന്‍ കൊല്‍ക്കത്തയിലുള്ള സി.ജി.ഒ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഇ.ഡി ഓഫീസിലേക്ക് കൊണ്ടുപോയി. മന്ത്രിയെ അറസ്റ്റ് ചെയ്ത കാര്യം അദ്ദേഹത്തിന്റെ അഭിഭാഷകന്‍  അനിന്‍ഡ്യ റാവത്ത് സ്ഥിരീകരിച്ചു. എന്തടിസ്ഥാനത്തിലാണ് മന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് ഇ.ഡി ഇതുവരെ തന്നെ അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

 

 

 

Latest News