ന്യൂദല്‍ഹി- ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഭാഗമാകില്ലെന്ന് മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. എന്‍.ഡി.എ സ്ഥാനാര്‍ഥി ജഗദീപ് ധന്‍ഖന് വോട്ട് ചെയ്യുന്ന കാര്യത്തില്‍ ചര്‍ച്ച ആവശ്യമില്ലെന്നും ഒരിക്കലും അതുണ്ടാകില്ലെന്നും തൃണമൂല്‍ എം.പി അഭിഷേക് ബാനര്‍ജി പറഞ്ഞു. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയെ നിര്‍ത്തുമ്പോള്‍ പാര്‍ട്ടിയുമായി ആലോചിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പ്രതിപക്ഷ സ്ഥാനാര്‍ഥിക്കും വോട്ട് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനം പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയാണ്. രാജ്യസഭയിലും ലോകസഭയിലുമായി തൃണമൂല്‍ കോണ്‍ഗ്രസിന് 35 അംഗങ്ങളുണ്ട്. വിജയ പ്രതീക്ഷ തീരെ ഇല്ലാത്ത പ്രതിപക്ഷത്തിന് മമതയുടെ പുതിയ തീരുമാനം തിരിച്ചടിയുടെ ആഘാതം ഇരട്ടിയാക്കും.
ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗദീപ് ധന്‍ഖന്‍ ആണ് ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി. മുതിര്‍ന്ന നേതാവ് മാര്‍ഗരറ്റ് ആല്‍വയാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി. ബംഗാളില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം ദേശീയ മാധ്യമങ്ങളില്‍ പതിവ് വാര്‍ത്തയായിരുന്നു. അതുകൊണ്ടുതന്നെ ബി.ജെ.പി നിര്‍ദേശിച്ച സ്ഥാനാര്‍ഥിയെ തൃണമൂല്‍ കോണ്‍ഗ്രസ് ഒരിക്കലും പിന്തുണക്കില്ല.അതേസമയം, പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിക്കും തൃണമൂല്‍ എം.പിമാര്‍ വോട്ട് ചെയ്യില്ലെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.
്പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവിനെയാണ് നിര്‍ത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ തങ്ങളുമായി ആലോചിച്ചിട്ടില്ലെന്ന് അഭിഷേക് ബാനര്‍ജി പറയുന്നു. അതുകൊണ്ടുതന്നെ പ്രതിപക്ഷ സ്ഥാനാര്‍ഥിക്കും വോട്ട് ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ്. പാര്‍ലമെന്റിന്റെ ഇരുസഭകളിലേയും അംഗങ്ങള്‍ മാത്രമാണ് വോട്ട് ചെയ്യുക. രാജ്യസഭാ അധ്യക്ഷന്‍ കൂടിയാണ് ഉപരാഷ്ട്രപതി.