ന്യൂദൽഹി- ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി എൻ.ഡി.എ സ്ഥാനാർഥി ദ്രൗപതി മുർമു തെരഞ്ഞെടുക്കപ്പെട്ടു. ആദിവാസി-ഗോത്ര വിഭാഗത്തിൽ നിന്നു രാജ്യത്തെ പരമോന്നത പദവിയിൽ എത്തുന്ന ആദ്യത്തെ വ്യക്തിത്വമാണ് ദ്രൗപതി മുർമു. രാഷ്ട്രപതിയാകുന്ന രണ്ടാമത്ത വനിതയുമാണ്. മൂന്ന് റൗണ്ട് വോട്ട് എണ്ണൽ കഴിഞ്ഞപ്പോൾ തന്നെ ആകെ വോട്ട് മൂല്യത്തിന്റെ പകുതിയേറെയും ദ്രൗപതി മുർമു നേടിയിരുന്നു. ബിജെപിയുടെ തന്നെ പ്രതീക്ഷകൾക്ക് മീതെ വോട്ടു നേടിയാണ് ദ്രൗപതി രാഷ്ട്രപതി പദവിയിലേക്ക് എത്തുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്ഥാനം ഒഴിയുന്ന ജൂൺ 24ന് പിന്നാലെ 25ന് ദ്രൗപതി മുർമു ഇന്ത്യയുടെ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വിജയിച്ച ദ്രൗപതി മുർമുവിനെ പ്രതിപക്ഷത്തിന്റെ എതിർ സ്ഥാനാർഥി യശ്വന്ത് സിൻഹ അഭിനന്ദിച്ചു. ഭരണഘടനയുടെ സംരക്ഷകയായി അവർ നിഭർയത്തോടെയും നിഷ്പക്ഷയായും പ്രവർത്തിക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇന്ന് 11 മണി മുതലാണ് വോട്ടെണ്ണൽ നടപടിക്രമങ്ങൾ ആരംഭിച്ചത്. ഉച്ചയ്ക്ക് 1.30 മുതൽ വോട്ട് എണ്ണിത്തുടങ്ങി. എംപിമാരുടെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ദ്രൗപതി മുർമുവവിന് 540 വോട്ടുകളും (മൂല്യം-3,78,000) പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് 208 വോട്ടുകളും (മൂല്യം- 1,45,600) ലഭിച്ചു. എംപിമാരിൽ 15 പേരുടെ വോട്ടുകൾ അസാധുവായി.
രാഷ്ട്രതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇലക്ടറൽ കോളജിൽ 776 എംപിമാരും 4,033 എംപിമാരും ആണുണ്ടായിരുന്നത്. നാമ നിർദേശം ചെയ്യപ്പെട്ട എംപിമാർക്കും സംസ്ഥാനങ്ങളിലെ എംഎൽസിമാർക്കും വോട്ടവകാശം ഉണ്ടായിരുന്നില്ല. പത്തു സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ തന്നെ ദ്രൗപതി മുർമു ഏറെ മുന്നിൽ എത്തിയിരുന്നു. മൂന്നാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ തന്നെ വിജയം ഉറപ്പിക്കുന്നതിനുള്ള വോട്ട് മൂല്യം ദ്രൗപതി മുർമുവിന് ലഭിച്ചിരുന്നു. ഉച്ചയോടെ തന്നെ ബിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിലും ദ്രൗപതി മുർമുവിന്റെ നാടായ ഒഡീഷയിലെ റായ്‌രംഗ്പൂരിലും ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തീൻമൂർത്തി മാർഗിലെ താത്കാലിക വസതിയിൽ എത്തി ദ്രൗപതി മുർമുവിനെ അനുമോദിച്ചു. ഡൽഹി ബിജെപി ഘടകത്തിന്റെ നേതൃത്വത്തിൽ റോഡ് ഷോ ഉൾപ്പടെ നടത്തി. വിജയം ഉറപ്പിച്ചതോടെ പാർലമെന്റിന് പരിസരത്തുള്ള റോഡുകളിലെല്ലാം ബിജെപി പ്രവർത്തകർ ദ്രൗപതി മുർമുവിന്റെയും നരേന്ദ്ര മോദിയുടെയും ഫഌക്‌സുകൾ ഉയർത്തിയിരുന്നു.