പാലക്കാട്- അട്ടപ്പാടി മധു വധക്കേസില്‍ പതിനഞ്ചാം സാക്ഷിയും കൂറുമാറി. ഇതോടെ തുടര്‍ച്ചയായി അഞ്ചാമത്തെ തവണയാണ് കൂറുമാറ്റമുണ്ടാകുന്നത്. പ്രോസിക്യൂഷന് സാക്ഷിയായ പതിനഞ്ചാം സാക്ഷി മെഹറുന്നീസനേരത്തെ രഹസ്യ മൊഴി നല്‍കിയിരുന്നുവെങ്കിലും കോടതിയില്‍ മൊഴി മാറ്റുകയായിരുന്നു.
പത്താം സാക്ഷി ഉണ്ണികൃഷ്ണന്, പതിനൊന്നാം സാക്ഷി ചന്ദ്രന്, പന്ത്രണ്ടാം സാക്ഷി ഫോറസ്റ്റ് വാച്ചര്‍ അനില്‍ കുമാര്‍, പതിനാലാം സാക്ഷി എന്നീ പ്രോസിക്യൂഷന് സാക്ഷികളാണ് നേരത്തെ കോടതിക്ക് മുന്നില്‍ കൂറൂമാറിയവര്‍. ഇവരും രഹസ്യ മൊഴി നല്കിയവരാണ്.
പതിമൂന്നാം സാക്ഷി സുരേഷ് ആരോഗ്യ കാരണങ്ങളാല്‍ ആശുപത്രിയിലായതിനാല്‍ പീന്നീടാണ് വിസ്താരം നടക്കുക. മൊഴി മാറ്റിയ പന്ത്രണ്ടാം സാക്ഷി അനില്‍ കുമാറിനെ മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
പ്രതിഭാഗം സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്നും സാക്ഷികള്‍ കൂറുമാറാതിരിക്കാന്‍ പണം ആവശ്യപ്പെടുന്നുണ്ടെന്നും മധുവിന്റെ സഹോദരി നേരത്തെ ആരോപിച്ചിരുന്നു. അട്ടപ്പാടിയില്‍ കഴിയാന്‍ ഭീഷണി ഉണ്ടെന്ന് കാണിച്ചു മധുവിന്റെ കുടുംബം പാലക്കാട് എസ്. പിക്ക് പരാതി നല്‍കിയിരുന്നു. സാക്ഷികള്‍ക്കും മധുവിന്റെ കുടുംബത്തിനും പോലീസ് സംരക്ഷണം നല്‍കണമെന്ന് ജില്ലാ ജഡ്ജി അധ്യക്ഷനായ കമ്മിറ്റി ഉത്തരവും ഇട്ടിരുന്നു.
2018 ഫെബ്രുവരി 22ന് ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കേസില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 16 പ്രതികളാണുള്ളത്.