തിരുവനന്തപുരം- കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ ട്രെയിന്‍ തടയല്‍ സമരം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം. എല്‍. എയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്.
ചെന്നൈ സെന്‍ട്രലിലേക്ക് പോകേണ്ട ട്രെയിനിന്റെ മുന്നിലും മുകളിലും കയറി നിന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം തുടങ്ങിയത്. ഇതേതുടര്‍ന്ന് രാജധാനി എക്സ്പ്രസും പിടിച്ചിട്ടു. പോലീസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും സംഭവസ്ഥലത്തുണ്ട്. നേതാക്കളോടൊപ്പം പ്രവര്‍ത്തകരും റെയില്‍വേ ട്രാക്കില്‍ കുത്തിയിരിക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരിനും നരേന്ദ്ര മോദിക്കും ഇ. ഡി നടപടിക്കുമെതിരെ മുദ്രാവാക്യം വിളിച്ചു അമ്പതോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി സ്റ്റേഷനിലെത്തിയത്. ദല്‍ഹിയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൂന്ന് ട്രെയിനുകള്‍ തടഞ്ഞിട്ടുണ്ട്.