ഹോങ്കോംഗ്- ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ഭീമന്‍ പാണ്ട ആന്‍ ആന്‍ ചരിത്രമായി. മുപ്പത്തിയഞ്ചാം വയസ്സിലാണ് ആണ്‍ പാണ്ട മരണപ്പെട്ടത്. മുപ്പത്തിയഞ്ച് വയസ്സ് എന്നത് മനുഷ്യന്റെ 105 വയസ്സിന് തുല്യമാണ്.
1999 മുതല്‍ ഹോങ്കോംഗിലെ തീം പാര്‍ക്കിന്റെ സംരക്ഷണയിലായിരുന്നു ഈ ഭീമന്‍ പാണ്ട ജീവിച്ചിരുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആരോഗ്യ നില മോശമായിരുന്നു. ഭക്ഷണം കഴിക്കുന്നതും കുറഞ്ഞെന്ന് പരിപാലകര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പെണ്‍ പാണ്ടയായ ജിയ ജിയ 2016ലാണ് മരിച്ചത്. മുപ്പത്തിയെട്ടാം വയസ്സിലായിരുന്നു ജിയയുടെ അന്ത്യം.
ആന്‍ ആന്റെ മരണത്തില്‍ ഓഷ്യന്‍ പാര്‍ക്ക് ദു:ഖം രേഖപ്പെടുത്തി. ആന്‍ ആനെയും ജിയ ജിയയെയും സംരക്ഷിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നുവെന്ന് പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. ആന്‍ ആന്‍ തങ്ങളുടെ കുടുംബത്തിലെ വിശേഷപ്പെട്ട ഒരംഗമായിരുന്നുവെന്നും അവന്‍ വിനോദ സഞ്ചാരികളുമായി സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നുവെന്നും പാര്‍ക്ക് അധികൃതര്‍ പറഞ്ഞു.
ഭീമന്‍ പാണ്ട വിഭാഗത്തില്‍ ലീ ലീ, യിങ് യിങ് എന്നിങ്ങനെ രണ്ട് പാണ്ടകളാണ് പാര്‍ക്കില്‍ നിലവില്‍ ഉള്ളത്. 2007ലാണ് പെണ്‍ പാണ്ടയായ യിങ് യിങിനെയും ആണ്‍ പാണ്ടയായ ലീ ലീയെയും ചൈന ഹോങ്കോംഗിന് കൈമാറിയത്.