Sorry, you need to enable JavaScript to visit this website.

സാക്ഷികളെ പറഞ്ഞുപഠിപ്പിച്ച ടീസ്റ്റക്കെതിരെ അന്വേഷണം വേണമെന്ന് ബെസ്റ്റ് ബേക്കറി കേസ് പ്രതികള്‍

മുംബൈ- വിചാരണ കോടതിയില്‍ വിശ്വാസമില്ലെന്നും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് 2002 ലെ  ഗുജറാത്ത്് കലാപവുമായി ബന്ധപ്പെട്ട ബെസ്റ്റ് ബേക്കറി കേസിലെ രണ്ട് പ്രതികള്‍ ഹരജി നല്‍കി.  വിചാരണ കോടതിയിലുള്ള തങ്ങളുടെ വിശ്വാസം തകര്‍ന്നതിനാല്‍ വിഷയം മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുംബൈ കോടതിയിലാണ് അപേക്ഷ നല്‍കിയത്.
കേസില്‍ സാക്ഷികളെ പഠിപ്പിച്ച ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിനെതിരെ  അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. സാക്ഷികളെ പറഞ്ഞു പഠിപ്പിക്കുന്നുവെന്ന തങ്ങളുടെ ആശങ്ക വിചാരണ കോടതി പരിഗണിച്ചില്ലെന്ന് പ്രതികളായ ഹര്‍ഷാദ് സോളങ്കിയും മഫത് ഗോയിലും ആരോപിച്ചു. നിരപരാധികളെ പ്രതികളാക്കാന്‍ ടീസ്റ്റ സെതല്‍വാദും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഇരകളാണ് തങ്ങളെന്ന്  യഷാസ് ലീഗലിലെ അഭിഭാഷകനായ യോഗേഷ് ദേശ്പാണ്ഡെ മുഖേന സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.

2002 മാര്‍ച്ച് ഒന്നിന് വഡോദരയിലെ ഹനുമാന്‍ ടെക്രിയിലെ ബെസ്റ്റ് ബേക്കറി ആക്രമിച്ച് 14 പേരെ കൊലപ്പെടുത്തിയ ആള്‍ക്കൂട്ടത്തിന്റെ ഭാഗമാണെന്ന് ആരോപിച്ചാണ് പ്രതികള്‍ വിചാരണ നേരിടുന്നത്. കൂട്ടുപ്രതികള്‍ക്കായുള്ള വിചാരണ 2006-ല്‍ അവസാനിച്ചിരുന്നു, അവരുടെ അപ്പീല്‍ 2012-ല്‍ ബോംബെ ഹൈക്കോടതി തീര്‍പ്പാക്കുകയും ചെയ്തു.
ടീസ്റ്റയുടെ അറസ്റ്റിനെക്കുറിച്ചുള്ള വാര്‍ത്ത തങ്ങള്‍ക്ക്  നീതി ലഭിക്കുമെന്ന ആശ്വാസം പകര്‍ന്നിരിക്കയാണെന്നും ഹരജിയില്‍ പറയുന്നു.
ടീസ്റ്റ സെതല്‍വാദിന്റെ നടപടികളെക്കുറിച്ചുള്ള അന്വേഷണം സാകിയ ജാഫ്രി സംഭവത്തില്‍ ഒതുക്കരുതെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് പോലീസിനെ സമീപിച്ചിട്ടുണ്ടെന്നും പ്രതികള്‍  പറഞ്ഞു. 'ടീസ്റ്റയുടെ ക്രൈം സിന്‍ഡിക്കേറ്റിലെ അംഗങ്ങള്‍ നിയമ പ്രക്രിയയില്‍ ഇടപെട്ട കേസുകളുടെയും കെട്ടിച്ചമച്ച തെളിവുകളുടെയും സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് ഹരജിയില്‍ പറയുന്നു.

 

 

Latest News