ന്യൂദല്‍ഹി- സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പദ്ധതിയുടെ ഡി.പി.ആറില്‍ സാങ്കേതിക സാധ്യതയെക്കുറിച്ച മതിയായ വിശദാംശങ്ങള്‍ ലഭ്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അലൈന്‍മെന്റ് പ്ലാന്‍, ബന്ധപ്പെട്ട റെയില്‍വേ ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെയും വിശദാംശങ്ങള്‍, നിലവിലുള്ള റെയില്‍വേ ശൃംഖലയിലൂടെയുള്ള ക്രോസിംഗുകള്‍ തുടങ്ങിയ വിശദമായ സാങ്കേതിക രേഖകള്‍ സില്‍വര്‍ ലൈന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ഇത് ലഭ്യമാക്കിയിട്ടില്ലായെന്നും കേന്ദ്ര റെയില്‍ വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഹൈബി ഈഡന്‍ എം.പി യുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ലോക്‌സഭയില്‍ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കെ.ആര്‍.ഡി.സി.എല്ലില്‍നിന്ന് വിശദാംശങ്ങള്‍ ലഭിച്ച ശേഷം മണ്ണിന്റെ അവസ്ഥ, പ്രകൃതിദത്തമായ ഡ്രെയിനേജ്, പാരിസ്ഥിതിക പ്രശ്നങ്ങള്‍, പരസ്പര പ്രവര്‍ത്തനക്ഷമത, കടബാധ്യത മുതലായവ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. പദ്ധതിക്കെതിരെ റെയില്‍വേ മന്ത്രാലയത്തില്‍ നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. ആയിരക്കണക്കിന് ഹെക്ടര്‍ കൃഷിയോഗ്യമായ ഭൂമി, 20,000 വീടുകളും കടകളും വ്യാപാര സ്ഥാപനങ്ങളും നശിപ്പിക്കപ്പെടും.
അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ റെയില്‍വേ സൈഡിംഗുകളുടെ വിപുലീകരണത്തിന് സില്‍വര്‍ ലൈന്‍ തടസമാകും. നിര്‍ദ്ദിഷ്ട അലൈന്‍മെന്റ് നിരവധി മതപരമായ സ്ഥാപനങ്ങളെ തകര്‍ക്കും. സ്റ്റാന്‍ഡേഡ് ഗേജില്‍ നിര്‍മ്മിക്കുന്ന നിര്‍ദ്ദിഷ്ട ട്രാക്ക് അതിനാല്‍ നിലവിലുള്ള റെയില്‍വേ ട്രാക്ക് ശൃംഖലയുമായി സംയോജിപ്പിക്കാന്‍ കഴിയില്ല. കേരള സര്‍ക്കാരിന് ഒരു വലിയ തുക കടമുണ്ട്. ശമ്പളവും പെന്‍ഷനും നല്‍കാന്‍ പോലും സര്‍ക്കാര്‍ വലിയ തുക കടമെടുക്കുന്നു. അതുകൊണ്ട് തന്നെ ഈ പദ്ധതി കേരളാ സര്‍ക്കാരിന് കനത്ത നഷ്ടമാകും. തുടങ്ങിയവയാണ് പരാതിക്കാര്‍ ഉന്നയിക്കുന്ന വിഷയങ്ങളെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി. കെ.ആര്‍.ഡി.സിഎല്ലില്‍നിന്ന് പ്രതീക്ഷിക്കുന്ന വിശദാംശങ്ങള്‍ ലഭിച്ച ശേഷം പാരാതികള്‍ക്കാധാരമായ പ്രശനങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.