ഗുവാഹത്തി- ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള വിവാഹ ഉടമ്പടികള്‍ പൊതുവെ ഗൗരവമുള്ള കാര്യമാണെങ്കിലും അസമിലെ ഇന്ത്യന്‍ ദമ്പതിമാര്‍ ഒപ്പിട്ട ഒരു കരാറിന്റെ വീഡിയോയും വാര്‍ത്തകളും സമൂഹ മാധ്യമങ്ങളില്‍ പറപറക്കുന്നു. ഉള്ളടക്കം അസാധാരണമായതു തന്നെ കാരണം.
നിയമപരമായി ബാധ്യസ്ഥമല്ലെങ്കിലും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ രസകരമായ പട്ടിക നവദമ്പതികളുടെ സുഹൃത്തുക്കള്‍ ഒരുമിച്ച് ചേര്‍ത്തിട്ടുണ്ട്. വധുവും വരനും കടലാസില്‍ ഒപ്പിടുന്ന 16 സെക്കന്‍ഡ് വീഡിയോ വിവാഹം കഴിഞ്ഞ് ഒരു ദിവസത്തിനുശേഷം ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തതു മുതല്‍ ദശലക്ഷക്കണക്കിനു തവണയാണ്കണ്ടിരിക്കുന്നത്.
വധുവോ വരനോ അവരുടെ സുഹൃത്തുക്കളോ ഇത്തരം കരാറുകള്‍ ഉണ്ടാക്കിയ സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിലും എന്നാല്‍ ഈ വീഡിയോ ശ്രദ്ധ നേടാന്‍ കാരണം പട്ടികയിലെ മുന്‍നിര ഇനമാണ് - മാസത്തില്‍ ഒരു പിസ്സ മാത്രം.
വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമിലെ ഗുവാഹത്തിയിലെ കോളേജില്‍ മൊട്ടിട്ട പ്രണയത്തില്‍ 24 കാരി ശാന്തി പ്രസാദിനെ വിവാഹം ചെയ്ത 25 കാരന്‍ മിന്റു റായിയെ ഒരു പിസ ഭ്രാന്തനെന്ന് കൂട്ടുകാര്‍ വിശേഷിപ്പിച്ചതിനു പിന്നാലെയാണ് മാസത്തില്‍ ഒരു പിസ്സ മാത്രമെന്ന ഉപാധി കരാറില്‍ ഇടംപിടിച്ചത്. അഞ്ച് വര്‍ഷം മുമ്പ് ഒരേ കൊമേഴ്സ് ക്ലാസില്‍ ചേര്‍ന്നപ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്. കോളേജ് വിട്ടുപോയെങ്കിലും ഇരുവരും സുഹൃദ് ബന്ധം തുടരുകയും കാലക്രമേണ പ്രണയം പൂത്തുലയുകയുമായിരുന്നു. 2018 ഫെബ്രുവരിയിലായിരുന്നു ഇരുവരുടേയും ആദ്യ ഡേറ്റിംഗ്.
നഗരത്തില്‍ ഒരു ഇലക്ട്രിക്കല്‍ ഗുഡ്‌സ് സ്റ്റോര്‍ ഉടമയാണ് മിന്റു ഇപ്പോള്‍. അവള്‍ എപ്പോഴും പിസ്സയെ കുറിച്ച് പറഞ്ഞിരുന്നതിനാല്‍ അവസാനത്തെ ക്ലാസ് ദിവസം പിസ ഹട്ടില്‍ കൊണ്ടുപോയ കാര്യം മിന്റു ഓര്‍ക്കുന്നു.
പിസ്സകള്‍ തനിക്ക് വളരെ ഇഷ്ടമാണെന്നും പുറത്തുപോയി പിസ്സ കഴിക്കാമെന്ന് മിന്റുവിനോട് എപ്പോഴും പറയാറുണ്ടായിരുന്നുവെന്ന് ശാന്തിയും പറയുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ മിന്റുവിനും പിസ്സ ഏറെ ഇഷ്ടമായി. ഇരുവരുടേയും സുഹൃത്തുക്കള്‍ക്കിടയില്‍ പിസ്സ പാട്ടായതോടെയാണ് മാസത്തില്‍ ഒരു പിസ്സ മാത്രമെന്ന കരാറിലേക്ക് നയിച്ചതെന്ന് ദമ്പതിമാര്‍ പറയുന്നു.